പയ്യാവൂരിലെ വിവാദ പാർക്കിംഗ്: വിശ്വാസികൾ ഹൈക്കോടതിയിൽ
04:22 AM Nov 27, 2022 | Deepika.com
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പയ്യാവൂർ ക്ഷേത്രവളപ്പിൽ ആരംഭിച്ച പാർക്കിംഗ് സംവിധാനത്തിനെതിരെ ശിവക്ഷേത്ര ഭക്തജന കൂട്ടായ്മ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ക്ഷേത്രസ്ഥലം ദേവസ്വം കമ്മീഷണറുടെയോ മലബാർ ദേവസ്വം ബോർഡിന്റെയോ അനുമതി ഇല്ലാതെ ലീസിനു നൽകാൻ പാടില്ലെന്നിരിക്കെ ദേവസ്വം ചെയർമാനും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് പാട്ടത്തിന് നൽകിയത് നിയമ വിരുദ്ധ പ്രവർത്തനമാണെന്നും, പാർക്കിംഗ് ഫീസായി വൻതുക പിരിച്ചെടുക്കുമ്പോൾ ദേവസ്വത്തിന് തുച്ഛമായ 200 രൂപയാണ് നൽകുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്. ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്, ദേവസ്വം അധികൃതർ, പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ സെക്രട്ടറി, എക്സിക്യൂട്ടീവ് ഓഫീസർ, ആർടിഒ എന്നിവരെ എതിർ കക്ഷികളായി നൽകിയ ഹർജിയിൽ അടിയന്തിര വാദത്തിനായി നാളെ ഹാജരാകണമെന്ന് കാണിച്ച് സ്പെഷൽ മെസഞ്ചർ വഴി എതിർ കക്ഷികൾക്ക് നോട്ടീസ് നൽകി. ഭക്തജന കൂട്ടായ്മക്ക് വേണ്ടി ചെയർമാൻ സഞ്ജു കൃഷ്ണകുമാറും കൺവീനർ ഫൽഗുനൻ മേലേടത്തുമാണ് അഭിഭാഷകനായ മഹേഷ് വി.രാമകൃഷ്ണൻ മുഖാന്തിരം ഹർജി നൽകിയത്.