കണ്ണൂർ: ജില്ലയിൽ ലഹരി വില്പന സംഘങ്ങൾക്കെതിരെ കർക്കശമായ നടപടികൾ കൈക്കൊള്ളാൻ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ഇതിനായി എക്സൈസും പോലീസും സംയുക്തമായി പരിശോധനയും നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾ പൊതുവിൽ നല്ലനിലയിൽ നടക്കുന്നുണ്ടെന്നും ഇതിന് കാര്യക്ഷമമായ തുടർ നടപടികൾ ആവശ്യമാണെന്നും എം.വിജിൻ എംഎൽഎ പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിയമസഭാ മണ്ഡലം തലത്തിൽ അവലോകനം നടത്തണമെന്ന് കെ.പി.മോഹനൻ എംഎൽഎ ആവശ്യപ്പെട്ടു.
കല്യാശേരിയിൽ അണ്ടർ പാസ് നിർമിക്കണം
മടക്കര-മാട്ടൂൽ, തെക്കുമ്പാട് പാലങ്ങൾക്കടിയിൽ അടിഞ്ഞ്കൂടിയ മണ്ണ് നീക്കം ചെയ്യാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എം.വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാൻ പൊതുമരാമത്ത് (പാലങ്ങൾ) വകുപ്പിനോട് ജില്ലാ കളക്ടർ നിർദേശിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കല്യാശേരിയിൽ അണ്ടർപാസ് നിർമിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. റോഡിനിരുവശവും അഞ്ച് മീറ്ററോളം താഴ്ചയുണ്ട്. വിദ്യാർഥികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കും. എടാട്ട് അണ്ടർപാസ് അനുവദിക്കാമെന്ന നേരത്തെ നൽകിയ ഉറപ്പ് ദേശീയ പാത അധികൃതർ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡിന്റെ ഉപരിതലം മെച്ചപ്പെടുത്തുന്ന പ്രവൃത്തി വേഗത്തിൽ ആരംഭിക്കാനും എംഎൽഎ ആവശ്യപ്പെട്ടു.
ആയിക്കര ഹാർബർ പ്രവൃത്തി ആരംഭിക്കുന്നതിന് തടസങ്ങൾ നീക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ 10 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ആർടിഒക്ക് ജില്ലാ കലക്ടർ നിർദേശനം നൽകി.
യോഗത്തിൽ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ.പി.മോഹനൻ, അഡ്വ. സജീവ് ജോസഫ്, എം വിജിൻ, ജില്ലാ വികസന കമ്മീഷണർ ഡി.ആർ.മേഘശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.പ്രകാശൻ, എംപിമാരുടെ പ്രതിനിധികൾ, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ജില്ലാതല ഉദ്യേഗാസ്ഥർ പങ്കെടുത്തു.
ലഹരി വില്പന സംഘങ്ങൾ: കർശന നടപടിക്ക് നിർദേശം
04:22 AM Nov 27, 2022 | Deepika.com