വാഴക്കുളം: വഴിയോര നിരീക്ഷണത്തിനായി സിസി ടിവി കാമറകൾ സ്ഥാപിച്ചു. മഞ്ഞള്ളൂർ, ആവോലി പഞ്ചായത്തുകൾ ഉൾപ്പെടുന്ന സംസ്ഥാന പാതയോരത്താണ് പന്ത്രണ്ട് കാമറകൾ സ്ഥാപിച്ചത്. സ്ഥിരമായി അപകടങ്ങളുണ്ടാകുന്നതും അപകട സാധ്യതയുളളതുമായ പ്രദേശങ്ങളിൽ കാമറ സ്ഥാപിച്ചത് വാഹനസംബന്ധമായ അന്വേഷണങ്ങൾക്കും പോലീസിനു സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.
ആവോലി പഞ്ചായത്തു പ്രദേശത്ത് രണ്ടും മഞ്ഞള്ളൂരിൽ പത്തും കാമറകളാണ് വച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ടൗണിനു സമീപ പ്രദേശങ്ങളിലും കാമറ സ്ഥാപിക്കും. മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം എസ്ഐ ടി.കെ. മനോജ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ്, വാഴക്കുളം മർച്ചന്റ്സ് അസോ. പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം, ജോസ് പെരുന്പിള്ളിക്കുന്നേൽ, പി.എസ്. സുധാകരൻ, തോമസ് വർഗീസ്, ജോസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാഴക്കുളം മർച്ചന്റ്സ് അസോസിയേഷന്റെയും വാഴക്കുളം പോലീസിന്റെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൂന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് കാമറ സ്ഥാപിച്ചത്.
മഞ്ഞള്ളൂർ, ആവോലി പഞ്ചായത്തുകളിൽവഴിയോര നിരീക്ഷണത്തിന് 12 കാമറകൾ സ്ഥാപിച്ചു
03:57 AM Nov 27, 2022 | Deepika.com