കുവൈറ്റ് സിറ്റി: കേരളത്തിന്റെ വിപ്ലവ നായികയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന കെ ആർ ഗൗരിയമ്മയുടെ (102) നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറന്പിൽ കെ.എ. രാമൻ-പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും സെന്റ് തെരേസാസ് കോളജിൽ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജിൽനിന്നു നിയമബിരുദവും നേടി. 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പിന്റെ ചുമതല നിർവഹിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി. നവോത്ഥാന പുരോഗമന പോരാട്ടങ്ങൾക്കായി സമർപ്പിച്ച ഗൗരിയമ്മയുടെ ത്യാഗോജ്ജലമായ ജീവിതം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് എന്നും ഉൗർജ്ജം പകരുമെന്നും, സഖാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത വിടവാണെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെ.ആർ ഗൗരിയമ്മക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്
11:33 PM May 11, 2021 | Deepika.com