തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂൾ വളപ്പിലെ അപകട ഭീഷണി ഉയർത്തിയ പ്ലാവ് മരം വെട്ടിമാറ്റി ലേലം ചെയ്ത സംഭവുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെതിരായി ചിലർ നടത്തുന്ന പ്രചരണം തികച്ചും അപഹാസ്യമാണെന്ന് സിപിഎം തലയോലപറമ്പ് ഏരിയ കമ്മിറ്റി ആരോപിച്ചു.
പ്ലാവ് മരം ലേലത്തിൽ വാങ്ങിയ വ്യക്തിയിൽനിന്നുമാണ് മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ വില നൽകി വാങ്ങിയത്. വിവാദമായേക്കാവുന്ന ഒരു കാര്യമാണിതെന്നു മുൻകൂട്ടി കണ്ട് ഇതിൽ ഉൾപ്പെടാതിരിക്കാൻ ജനപ്രതിനിധിയായ പെതുപ്രവർത്തകൻ കാട്ടേണ്ട ജാഗ്രത വി.ടി. പ്രതാപന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് കണ്ടെത്തിയാണ് പ്രതാപനെ ഏരിയാ കമ്മറ്റിയിൽനിന്നു ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം ഏരിയാ കമ്മിറ്റി തീരുമാനിച്ചത്.
വസ്തുത ഇതാണെന്നിരിക്കെ സിപിഎം ഒത്താശ ചെയ്ത് സംരക്ഷിക്കുന്നുവെന്നുള്ള തരത്തിൽ കോൺഗ്രസും ബിജെപിയും ആരോപണം ഉന്നയിക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം വച്ചാണ്.
ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി സിപിഎമ്മിനെയും മറവൻതുരുത്ത് പഞ്ചായത്ത് ഭരണ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുവാനുമുള്ള ഇക്കൂട്ടരുടെ നീക്കങ്ങളെ ജനകീയമായി പ്രതിരോധിക്കുമെന്നും ദുഷ്ടലാക്കോടെ പ്രചരണം നടത്തുന്നവരുടെ പൊയ്മുഖം ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി സെക്രട്ടറി കെ. ശെൽവരാജ് പറഞ്ഞു.
സിപിഎമ്മിനെതിരായ പ്രചരണം പരിഹാസ്യം: സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി
11:41 PM Nov 25, 2022 | Deepika.com