തിരുവനന്തപുരം
സൗത്ത് കിരീടത്തിലേക്ക്
തിരുവനന്തപുരം: നാല് രാപ്പകലുകള്‍ തലസ്ഥാന നഗരത്തെ കൗമാര കലയുടെ ഉത്സവവേദിയാക്കിയ റവന്യൂ ജില്ലാ സ്കളൂള്‍ കലോത്സവത്തിന് ഇന്ന് തിരശീലവീഴും. നാലാം ദിവസമായ ഇന്നലെയും വേദിയില്‍ മത്സരാവേശം നിറഞ്ഞപ്പോള്‍ കലാകിരീടത്തില്‍ മുത്തമിടാന്‍ തിരുവനന്തപുരം സൗത്ത് ഉപജില്ല കുതിക്കുകയാണ്. 668 പോയിന്റുമായാണ് സൗത്തിന്റെ കുതിപ്പ്.
625 പോയിന്റുമായി കടുത്ത വെല്ലുവിളി ഉയര്‍ത്തി തിരുവനന്തപുരം നോര്‍ത്ത് ഉപജില്ല തൊട്ടുപിന്നിലുണ്ട്. അട്ടമറിയിലൂടെ രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ 607 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള കിളിമാനൂര്‍ ഉപജില്ലയും വാശിയേറിയ പോരാട്ടമാണ് വേദികളില്‍ കാഴ്ചവയ്ക്കുന്നത്. 527 പോയിന്റു വീതം നേടിയ ആറ്റിങ്ങലും നെടുമങ്ങാടും നാലാം സ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. മത്സരങ്ങള്‍ രാത്രി വൈകിയും തുടരുന്നതിനാല്‍ ഇന്നു രാവിലെയോടെ മാത്രമേ കലാകിരീടം ആര്‍ക്കെന്ന് അറിയാനാകൂ.
സ്കൂള്‍ വിഭാഗത്തില്‍ 223 പോയിന്റുമായി വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്എസ്എസ് മികച്ച മുന്നേറ്റം തുടരുകയാണ്.
174 പോയിന്റ് നേടിയ കടുവയില്‍ കെടിസിടി ഇഎം എച്ച്എസ്എസാണ് സ്കൂള്‍ വിഭാഗത്തില്‍ രണ്ടാമത്. 158 പോയിന്റുമായി കിളിമാനൂര്‍ ആര്‍ആര്‍വി ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തും കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസ് 151 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്. 143 പോയിന്റു നേടിയ നെല്ലിമൂട് ന്യൂ എച്ച്എസ്എസാണ് ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
ജനപ്രിയ ഇനങ്ങളായ മോണോ ആക്ടും മിമിക്രിയിലും ഇന്നലെ കാണികളുടെ നിറഞ്ഞ പങ്കാളിത്തമായിരുന്നു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകമത്സരങ്ങളും കലോത്സവത്തില്‍ ആവേശം നിറച്ചു. പ്രധാന വേദിയായ കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന മാര്‍ഗം കളിക്കും ചവിട്ടുംനാടകത്തിനും കാണികളുടെ വലിയ പങ്കാളിത്തമാണ് കാണാനായത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എം വിന്‍സന്റ് എംഎല്‍എ അധ്യക്ഷനാകും. ചലച്ചിത്രതാരം അവന്തിക മോഹന്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. കവി മുരുകന് കാട്ടാക്കട ചടങ്ങില്‍ മുഖ്യാതിഥിയാകും.
റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്നു തിരശീല വീഴും
11:27 PM Nov 25, 2022 | Deepika.com