തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കന്പിനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ. 12 സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പർ പ്ളക്സിലുള്ളത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി, പിവിആർ ലിമിറ്റഡ് ചെയർമാൻ അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി എന്നിവർ ചേർന്ന് സൂപ്പർപ്ലക്സ് ഉദ്ഘാടനം ചെയ്തു. ഡിസംബർ അഞ്ചു മുതൽ സിനിമാ പ്രദർശനം ആരംഭിക്കും.
തിരുവനന്തപുരത്തെ ലുലു മാളിലേക്ക് പിവിആറിനെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിൽ ഒരിക്കൽ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പിവിഅർ ലിമിറ്റ്ഡ് ചെയർമാൻ അജയ് ബിജിലി പറഞ്ഞു.
ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന 12 സ്ക്രീൻ സൂപ്പർപ്ലക്സാണ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. ഐമാക്സ്, ഫോർ ഡിഎക്സ് തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും.
ആകെയുളള 12 സ്ക്രീനുകളിൽ രണ്ടെണ്ണം ലക്ഷ്വറി സ്ക്രീൻ വിഭാഗത്തിലാണ്. മറ്റ് എട്ടു സ്ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ലുലു പിവിആറിൽ 1739 പ്രേക്ഷകർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്.
പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് ലുലു മാളിൽ
11:27 PM Nov 25, 2022 | Deepika.com