ഏറ്റുമാനൂർ: പുതിയതായി നിർമിച്ച ഏറ്റുമാനൂർ - പട്ടിത്താനം ബൈപാസിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞു വീണതിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേയാണ് മതിൽ ഇടിഞ്ഞു വീണത്. സംരക്ഷണഭിത്തികളുടെ ബലം ബന്ധപ്പെട്ട അധികാരികൾ ഉടൻ പരിശോധിക്കണം. ടിപ്പർ ലോറി ഡ്രൈവർ കൽക്കെട്ട് അറ്റകുറ്റപ്പണി നടത്തിയതു കൊണ്ട് പരിഹാരമാകുന്നില്ല. നിർമാണത്തിൽ അപാകതകൾ ഉണ്ടോയെന്ന് കർശനമായി പരിശോധിക്കണം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്കു പരാതി നൽകാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ടോമി പുളിമാൻതുണ്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. ബിജു കൂമ്പിക്കൻ, തങ്കച്ചൻ കോണിക്കൽ, മാത്യു കുര്യൻ കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ബൈപാസിന്റെ കൽക്കെട്ട് തകർന്നതിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
10:49 PM Nov 25, 2022 | Deepika.com