കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. ഡിസംബർ മുതൽ ഇത് വരെയായി 1,500,00 പേർ ഒന്നാം ഡോസ് വാക്സിനും 600,000 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ഇതോടെ മൊത്തം ജനസംഖ്യയുടെ 34.5 ശതമാനം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുവാൻ സാധിച്ചതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ 388,000 ഡോസുകൾ അടങ്ങിയ ഓക്സ്ഫോർഡ് വാക്സിന്റെ മൂന്നാം ബാച്ച് തിങ്കളാഴ്ച കുവൈറ്റിലെത്തും. കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുവാൻ ഓക്സ്ഫോർഡിന്റെ വരവോടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി കുവൈറ്റ് മൊബൈൽ ഐഡി നവീകരിച്ചതായി പാസി അധികൃതർ അറിയിച്ചു. സിവിൽ ഐഡിയുമായി ബന്ധപ്പെടുത്തിയാണ് രാജ്യത്ത് വാക്സിൻ നൽകി വരുന്നത്. പുതിയ സംവിധാനത്തോടെ വാക്സിൻ സ്വീകരിച്ചവർക്ക് യാത്രകൾ ചെയ്യുവാൻ എളുപ്പമാകും. ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ആപ്പ് ലഭ്യമാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം
09:25 PM May 09, 2021 | Deepika.com