മുഹമ്മ: ജില്ലാ സ്കൂൾ കായികമേളയോടനുബന്ധിച്ച് ചരമംഗലം ഡിവിഎച്ച്എസിൽ നടന്ന പോൾവാൾട്ട് മത്സരത്തിൽ വെന്നിക്കൊടി പാറിച്ചത് സഹോദരങ്ങളുടെ മക്കൾ. ജൂണിയർ ആൺകുട്ടികളുടെ മൽസരത്തിൽ വിജയിച്ച അഭിഷേകും സീനിയർ പെൺകുട്ടികളുടെ മൽസരത്തിൽ വിജയിച്ച സ്നേഹയുമാണ് ഒരേ വീട്ടിൽ നിന്നുള്ളവർ. ചാരമംഗലം പുത്തൻപറമ്പിൽ പ്രതീഷിന്റെയും സലിലയുടെയും മകളാണ് സ്നേഹ.
പ്രതീഷിന്റെ സഹോദരൻ പ്രഭാഷിൻ്റെയും രമ്യയുടെയും മകനാണ് അഭിഷേക്. ചാരമംഗലം ഡിവിഎച്ച്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് സ്നേഹ. അഭിഷേക് എസ് എസ് എൽ സി വിദ്യാർഥിയാണ്. പ്രതീഷും പ്രഭാഷും ചെത്ത് തൊഴിലാളികൾ ആണെങ്കിലും കുട്ടികളുടെ കായിക മോഹങ്ങൾക്ക് നിറമേകുന്നതിൽ പിന്നിലല്ല. സംസ്ഥാന തലത്തിൽ വിജയക്കൊടി പാറിക്കാൻ കഴിവുള്ളവരാണ് കുട്ടികളെന്ന് കായികാധ്യാപിക രമ പറയുന്നു. സ്പോർട്സ് കൗൺസിൽ കോച്ച് സംജിയുടെ ശിക്ഷണത്തിലാണ് ഇരുവരും മുന്നേറുന്നത്.
വെന്നിക്കൊടി പാറിച്ചത് സഹോദരങ്ങളുടെ മക്കൾ
10:32 PM Nov 25, 2022 | Deepika.com