റിയാദ്: അലിഫ് ഇന്റർനാഷണൽ സ്കൂൾ വിശുദ്ധ റംസിിനോടനുബന്ധിച്ച് നടത്തിയ കാന്പയിന് ഖുർആൻ മുസാബഖയോടെ സമാപനമായി. വിദ്യാർഥികളിൽ ധാർമിക അവബോധം വളർത്തുന്നതിനും ജീവിത വിജയം കൈവരിക്കുന്നതിനും ആവശ്യമായ സന്ദേശങ്ങൾ ഉൾകൊള്ളുന്നതായിരുന്നു ഓരോ പരിപാടികളും. ഓസ്ട്രേലിയൻ യുവപണ്ഡിതൻ ജഹ്ഫർ നിസാമിയുടെ ആത്മീയ പ്രഭാഷണത്തോടെയാണ് കാന്പയിന് ആരംഭം കുറിച്ചത്. പ്രഭാഷണത്തിനുശേഷം വിദ്യാർഥികൾക്ക് സംശയനിവാരണത്തിനുമുള്ള അവസരവുമുണ്ടായിരുന്നു.
കാന്പയിന്റെ ഭാഗമായി പുതിയതായി തുടക്കം കുറിച്ച സ്കൂൾ ഓഫ് തഹ്ഫിദുൽ ഖുർആൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഡോ. ഖാലിദ് അൽ സീർ അധ്യക്ഷനായിരുന്നു. താൽപര്യമുള്ള അലിഫ് വിദ്യാർഥികൾക്ക് ഖുർആൻ പൂർണമായും സ്കൂൾ പഠനത്തോടൊപ്പം തന്നെ മനഃപാഠമാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. വെർച്വൽ സംവിധാനങ്ങൾ ഉൾപ്പെടുത്തി അലിഫ് വിദ്യാർഥികൾക്ക് മാത്രം തുടങ്ങുന്ന കോഴ്സ് ഭാവിയിൽ താൽപര്യമുള്ള മറ്റു പഠിതാക്കൾക്കും അവസരം ലഭിക്കുന്ന രീതിയിൽ വിപുലപ്പെടുത്തുമെന്നും കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഓഫ്ലൈൻ പഠനത്തിനും സംവിധാനമുണ്ടാകുമെന്നും അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ പറഞ്ഞു.
കാന്പയിന് സമാപനം കുറിച്ച് നടന്ന ഖുർആൻ മൂസാബഖ ഗ്രാൻഡ് ഫിനാലെ ആത്മീയ നിർഭരമായി. ദുബായ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാഫിദ് അബ്ദുർറഹീം അബ്ദുൽ സലാം ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. ഖുർആൻ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താൻ ഇത്തരത്തിലുള്ള മത്സരങ്ങൾ ഉപാധിയാവണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ സന്ദേശ പ്രഭാഷണം നടത്തി. ഓരോ റംസാൻ നാളുകളിലും നമ്മെ കൂടുതൽ സംസ്കരിക്കണമെന്നും ധാർമിക മൂല്യങ്ങളെ പ്രകാശിപ്പിക്കുന്ന ഇത്തരം പദ്ധതികൾക്ക് സ്കൂൾ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തുടർന്ന് നടന്ന ഖുർആൻ പാരായണ മത്സരത്തിൽ ഒഡീഷനിൽ വിജയിച്ചു വന്ന 12 വിദ്യാർഥികൾ മാറ്റുരച്ചു. താഹ ഫാറൂഖ് അത്രീസ്, അബ്ദുൽ ഖുദൂസ് ഖാൻ, ഇസത്തുല്ല ബഹാദീർ ഖാൻ എന്നിവർ വിധി കർത്താക്കളായിരുന്നു. കാറ്റഗറി ഒന്നിൽ മുഹമ്മദ് ഹിജാനും കാറ്റഗറി രണ്ടിൽ ഷെയ്ഖ് മുഹമ്മദ് സൈദും വിജയികളായി. സൻഹ മഹ്റിൻ, മുഹമ്മദ് ഹിദാഷ്, മുഹമ്മദ് റഈദ്(കാറ്റഗറി-1), മുഹമ്മദ് അസ്ലം, ആസിയ ഹുസൈൻ, മുഹമ്മദ് സാമി(കാറ്റഗറി-2) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാന്പയിൻ പരിപാടികൾക്ക് നൗഷാദ് മുഹമ്മദ്, ഹമീദ ബാനു, അലി ബുഖാരി, ഹബീബ ഷഫീർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
അലിഫ് റംസാൻ കാന്പയിന് ഖുർആൻ മുസാബഖയോടെ സമാപനം
09:17 PM May 09, 2021 | Deepika.com