നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഇരുവശവും മണ്ണിട്ട് ഉയര്‍ത്തി ഫ്ളൈ ഓവര്‍ നിര്‍മിക്കുന്നത് നഗരത്തെ രണ്ടായി വിഭജിക്കുന്നതിനിടയാക്കുമെന്ന് യുഡിഎഫ് നീലേശ്വരം നഗരസഭ കര്‍മസമിതി ആരോപിച്ചു. നിലവിലുള്ള പ്ലാന്‍ അനുസരിച്ച് പോലീസ് സ്റ്റേഷനു മുന്നില്‍ മാത്രമാണ് അടിപ്പാത നിര്‍മിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ മതില്‍കെട്ടി അടച്ചതുപോലെയാകും ഉണ്ടാവുക.
മണ്ണിട്ട് ഉയര്‍ത്തുന്നതിനു പകരം കോണ്‍ക്രീറ്റ് തൂണുകളില്‍ ഫ്ളൈ ഓവര്‍ നിര്‍മിച്ചാല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ സാധാരണ ഗതാഗതവും വാണിജ്യ പ്രവര്‍ത്തനങ്ങളും തടസമില്ലാതെ തുടരാന്‍ കഴിയുമെന്നും കര്‍മസമിതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം നഗരത്തിലെ വാണിജ്യമേഖലയ്ക്കും കനത്ത ആഘാതമാകും. ദേശീയപാത വികസിപ്പിക്കുമ്പോള്‍ ഹൈവേയുടെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങളും വികസന സാധ്യതകളും ഇല്ലാതാക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്ന് കര്‍മസമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബഹുജന പങ്കാളിത്തത്തോടെ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ കര്‍മസമിതി ചെയര്മാന് മാമുനി വിജയന് അധ്യക്ഷതവഹിച്ചു.
കണ്‍വീനര്‍ റഫീഖ് കോട്ടപ്പുറം, കെ.വി.സുധാകരന്, പി രാമചന്ദ്രന്, ഇ.എം.കുട്ടി ഹാജി, എം.രാധാകൃഷ്ണന് നായര്‍, എറുവാട്ട് മോഹനന്, ഇ.കെ.മുസ്തഫ, മഹ്സൂദ് പടന്ന, എം.രാധാകൃഷ്ണന്, നസീര്‍, കെ. രാജഗോപാലന്‍ നായര്‍, ബാബു മൂത്തല, സി.വിദ്യാധരന് എന്നിവര്‍ പ്രസംഗിച്ചു.
ദേശീയപാതയിലെ ഫ്ളൈ ഓവര്‍ നിര്‍മാണം; നീലേശ്വരത്തെ രണ്ടായി വിഭജിക്കും: കര്‍മസമിതി
01:00 AM Nov 25, 2022 | Deepika.com