കോതമംഗലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് കണ്ടക്ടര്‍ പുറത്തേക്ക് തെറിച്ച് വീണു. പരിക്കേറ്റ കണ്ടക്ടറെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം ഡിപ്പോയിലെ കണ്ടക്ടര്‍ റഷീദിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം.
കോതമംഗലത്തുനിന്ന് വടാട്ടുപാറയ്ക്കുള്ള 4.30ന്റെ ബസ് ചെങ്കരക്ക് സമീപം കല്ലാനിക്കല്പ്പടിയില് എത്തിയപ്പോള്‍ റഷീദ് വാതിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. വൈകുന്നേരത്തെ ട്രിപ്പായതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ നല്ല തിരക്കുമുണ്ടായിരുന്നു.
യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കി കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. വാതില്‍ അടച്ചിരുന്നതാണെന്ന് പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയതാണെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. ഓടികൂടിയ നാട്ടുകാര്‍ കണ്ടക്ടറെ കാറില്‍ കീരംപാറയിലെ ക്ലിനിക്കില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡ്രൈവര്‍ യാത്രക്കാരെ വടാട്ടുപാറയില്‍ എത്തിച്ച് ട്രിപ്പ് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. കണ്ടക്ടറുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് അധികൃതര്‍ നല്കിയ വിവരം.
ബസില്‍നിന്ന് കണ്ടക്ടര്‍ പുറത്തേക്ക് തെറിച്ച് വീണു
12:21 AM Nov 25, 2022 | Deepika.com