പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകൾ സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാണെന്ന് തദ്ദേശ ഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി(വെറ്റ് ഓണ് വീൽസ്) ഉദ്ഘാടനം നിർവഹിച്ച് കബനി ഓഡിറ്റോറിയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി സർക്കാരിന്റെ വാതിൽപ്പടി സേവനങ്ങൾക്ക് സമാനമാണ്. സാമൂഹിക പ്രതിബദ്ധതയ്ക്കു ഉദാഹരണവുമാണിത്.
തെരുവുനായ ശല്യം പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. മാലിന്യ നിർമാർജനത്തിൽ ഹരിതകർമ സേനാംഗങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ശുചിത്വഭൂമിക്കായുള്ള പോരാട്ടത്തിലെ കേരള സേനയാണ് ഹരിതകർമ സേനയെന്നും മന്ത്രി പറഞ്ഞു. പുൽപ്പള്ളി പഞ്ചായത്തിന്റെ വിവിധ പദ്ധതികൾക്കായി 93 സെന്റ് ഭൂമി സൗജന്യമായി നൽകിയ പൊന്തംവീട്ടിൽ കരുണാകരനെ മന്ത്രി ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എന്റെ പൈക്കിടാവ് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും ഗോവർധിനി പദ്ധതി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണനും വേനൽക്കാല കറവ സംരക്ഷണ പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയനും ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ശോഭന സുകു, മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉഷ തന്പി, ബീന ജോസ്, ബിന്ദു പ്രകാശ്, എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.സീന ജോസ് പല്ലൻ, സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, പുൽപ്പള്ളി പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി കേരളത്തിന് മാതൃക: മന്ത്രി എം.ബി. രാജേഷ്
12:01 AM Nov 25, 2022 | Deepika.com