വിഴിഞ്ഞം: വിഴിഞ്ഞം അതിജീവന സമരം ശക്തമായി തുടരാൻ സമരസമിതി തീരുമാനം. ബുധനാഴ്ചയും ഇന്നലെയുമായി നടന്ന സമരസമിതി മീറ്റിംഗിലും തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികരുടെ യോഗത്തിലും ഇതു സംബണ്ഡിച്ച തീരുമാനമുണ്ടായതായി നേതാക്കൾ അറിയിച്ചു.
കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പിന്നോട്ട് പോകുമെന്ന അഭ്യൂഹത്തിനിടയിലാണ് തങ്ങൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുംവരെ വിട്ടുവീഴ്ചക്ക് തയാറല്ലെന്നും സമരത്തിൽ നിന്നു പിന്മാറില്ലെന്നും തീരുമാനമുണ്ടായത്.
ഓഗസ്റ്റ് 16 ന് തുറമുഖ നിർമാണം തടസപ്പെടുത്തിയുള്ള സമരം ആരംഭിച്ച ശേഷം സർക്കാരുമായി നടത്തിയ ചർച്ചകളിൽ എടുത്ത തീരുമാനങ്ങളിൽ നിന്ന് അധികൃതരാണ് പിന്നോട്ടു പോയതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. 101-ാം ദിവസത്തിലേക്കു കടന്ന മുല്ലൂരിലെ സമരവും 26 ദിവസം മുൻപ് തുറമുഖത്തിനുള്ളിൽ ആരംഭിച്ച സമരവും ഇന്നലെയും സജീവമായിരുന്നു.
അതിനിടെ, തുറമുഖത്തിനുള്ളിൽ കിടക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ നീക്കമുണ്ടായിരുന്നതായി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എന്നാൽ റോഡിൽ സമര പന്തൽ ഉള്ളതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് സൂചന.
സമരത്തിൽ നിന്നു പിന്നോട്ടില്ല: വിഴിഞ്ഞം സമര സമിതി
11:55 PM Nov 24, 2022 | Deepika.com