കിളിമാനൂർ : വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂൾ ഇനി സ്വന്തം സ്ഥലപ്പേരായ കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ എന്ന് അറിയപ്പെടും. 1952 ൽ സ്ഥാപിതമായ ഈ വിദ്യാലയം കാരേറ്റിലാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ, ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് പഞ്ചായത്തിൽ പുളിമാത്ത് വില്ലേജിൽ വാമനപുരം എന്ന സ്ഥലപ്പേരിലാണ് ഔദ്യോഗികമായി സ്കൂൾ അറിയപ്പെട്ടിരുന്നത്.
പിഎസ്സി അടക്കമുള്ള മത്സര പരീക്ഷകൾ എഴുതാൻ സ്കൂളിൽ വരുന്ന ഉദ്യോഗാർഥികൾക്ക് മറ്റൊരു പഞ്ചായത്തിന്റെ സ്ഥലപ്പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
ഇതേ തുടർന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലപ്പേര് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് പിടിഎ, സ്കൂൾ മാനേജ്മെന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് അപേക്ഷ പരിഗണിച്ച് ദേവസ്വം ബോർഡ്, പൊതു വിദ്യാഭ്യാസ വകുപ്പിന് നിവേദനം നല്കി.
വസ്തുതകൾ പരിശോധിച്ച് ഡിഡിഒയ്ക്ക് ഫയൽ നല്കുകയും ഇന്നലെ സ്ഥലപ്പേര് വാമനപുരം എന്നുള്ളത് കാരേറ്റ് എന്നു മാറ്റി ഉത്തരവിറക്കുകയുമായിരുന്നു.
സ്കൂൾ അങ്കണത്തിൽ നിർമിച്ച ഗാന്ധി പ്രതിമയുടേയും അനുബന്ധ പദ്ധതികളുടേയും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ഒ.എസ്. അംബിക എംഎൽഎ എന്നിവർ ചേർന്ന് സ്ഥലപ്പേര് മാറിയ ഉത്തരവ് ഹെഡ്മിസ്ട്രസിന് കൈമാറാനാണ് പിടിഎയുടെ തീരുമാനം.
ദേവസ്വം ബോർഡ് സ്കൂൾ വാമനപുരത്തല്ല, കാരേറ്റിലാണ്
11:55 PM Nov 24, 2022 | Deepika.com