മങ്കൊമ്പ്: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഇന്നു തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള 27നു സമാപിക്കും. ഇന്നു മൂന്നിന് മാമ്പുഴക്കരി ബ്ലോക്ക് ഓഫീസിൽ നിന്നു ആരംഭിക്കുന്ന വിളംബര ഘോഷയാത്ര രാമങ്കരി സിഐ രവി സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. വിശ്വംഭരൻ അധ്യക്ഷത വഹിക്കും. രാവിലെ ഒൻപതിനു മത്സരങ്ങൾ ആരംഭിക്കും. നാളെ മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കായിക മത്സരങ്ങൾ സ്കൂൾ മാനേജർ ഫാ. സിറിൽ ചേപ്പില ഉദ്ഘാടനം ചെയ്യും.
മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി അധ്യക്ഷത വഹിക്കും. 27 നു രാവിലെ ഒൻപതു മുതൽ മുട്ടാർ സെന്റ് ജോർജ് എച്ച്എസ്എസിൽ കലാമത്സരങ്ങളും രചനാ മത്സരങ്ങളും നടക്കും. നാലിനു നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര-നാടക നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സന്തോഷ് സമ്മാനദാനം നിർവഹിക്കും. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന കലാമേള 26 നു കേരളോത്സവത്തോടനുബന്ധിച്ച് നടക്കും. രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്നു മുതൽ
10:29 PM Nov 24, 2022 | Deepika.com