അമ്പലപ്പുഴ: സിബിഎസ്ഇ സഹോദയ ജില്ലാ കായികമേളയ്ക്കു നാളെ തുടക്കമാകുന്നു. പുന്നപ്ര എംഇഎസ് സ്കൂളിന്റെ നേതൃത്വത്തിൽ പുന്നപ്ര കാർമൽ മൈതാനിയിലാണ് കായിക മേള നടക്കുന്നത്. 72 സ്കൂളുകളിൽ നിന്നായി 2500 ഓളം കായിക താരങ്ങളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്.
100, 200,600,800, 1500 എന്നീ ഓട്ട മത്സരങ്ങളിലും ലോംഗ്ജംപ്, ഷോട്ട് പുട്ട്, 4x100 മീറ്റർ റിലേ എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുക.
അക്കാദമിക് നിലവാരത്തിന് മുൻതൂക്കം നൽകുന്നതിനൊപ്പം കലാകായിക സാംസ്കാരിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും വേദികൾ ഒരുക്കിക്കൊടുക്കുന്നതിനും സിബിഎസ്ഇ സ്കൂളുകൾ എന്നും മുൻപന്തിയിലാണെന്നും ഭാരവാഹികൾ പറഞ്ഞു. സിബിഎസ്ഇ കരിക്കുലത്തിന്റെ ഭാഗമായി കായിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകി വരുന്നുണ്ട്.
നാളെ രാവിലെ 9ന് പുന്നപ്ര കാർമൽ മൈതാനിയിൽ നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം പുന്നപ്ര സിഐ ലൈസാദ് മുഹമ്മദ് നിർവഹിക്കും.
സിബിഎസ്ഇ സഹോദയ ജില്ലാ കായിക മേളയ്ക്കു നാളെ തുടക്കം
10:29 PM Nov 24, 2022 | Deepika.com