ജിദ്ദ: വിശുദ്ധ റംദാൻ ഖുർആൻ ആസ്പദമാക്കി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന മത്സരങ്ങൾ ’തർതീൽ’ ഈ മാസം എഴിന് തുടങ്ങുന്ന ഗൾഫ് ഗ്രാൻഡ് ഫിനാലെയോടെ സമാപനമാകും. ഏഴ്, പതിനാല് തിയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗൾഫ് തർതീൽ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദേശീയ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച 115 പ്രതിഭകൾ ഓണ്‍ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരുക്കും.
ഖുർആൻ പഠനം, പാരായണം, ആശയ പ്രചാരണം എന്നിവ ലക്ഷ്യം വെച്ച് നടന്നു വരുന്ന തർതീലിൽ വിദ്യാർഥി- വിദ്യാർഥിനികൾ, യുവതി-യുവാക്കൾ എന്നിവർക്ക് വേണ്ടി 5 വിഭാഗങ്ങളിലായി 15 ഇനങ്ങളാണ് മത്സരത്തിനുള്ളത്. ഖുർആൻ പാരായണം, ഖുർആൻ സെമിനാർ, പ്രസംഗം, മാഗസിൻ നിർമാണം, എക്സിബിഷൻ, ക്വിസ് എന്നിവയാണ് പ്രധാന മത്സരങ്ങൾ. നിശ്ചിത ഇനങ്ങൾക്ക് പുറമെ നേരത്തേ രജിസ്റ്റർ ചെയ്യുന്ന പൊതുജനങ്ങൾക്ക് തൽക്ഷണ മത്സരവും തർതീലിന്റെ ഭാഗമായി നടക്കും.
തർതീൽ പ്രചാരണത്തിന്റെ ഭാഗമായി ആറ് ഗൾഫ് രാജ്യങ്ങളിലും വിദഗ്ധരെ പങ്കെടുപ്പിച്ച് വ്യത്യസ്ത വിഷയങ്ങളിൽ സെമിനാർ, ക്വിസ്, കാലിഗ്രഫി, പ്രബന്ധ രചന എന്നിവ സംഘടിപ്പിച്ചിരുന്നു. മേയ് പതിനാലിന് നടക്കുന്ന സമാപന സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരിക്കും. മറ്റു പ്രമുഖരും പരിപാടിയിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട് : മുസ്തഫ കെ.ടി. പെരുവള്ളൂർ
തർതീൽ: ഖുർആൻ മത്സരങ്ങളുടെ സമാപനം ഏഴിന്
09:08 PM May 06, 2021 | Deepika.com