പാലാവയല്: നാട്ടുകാര്‍ക്ക് തീരാദുരിതം സമ്മാനിച്ച് ഇഴഞ്ഞുനീങ്ങുന്ന നല്ലോംപുഴ-ഓടക്കൊല്ലി റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി അടുത്തവര്‍ഷം മേയ് 31 വരെ ദീര്‍ഘിപ്പിച്ചു നല്കാന് കരാറുകാരന് അപേക്ഷ നല്കി. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ നല്‍കിയിരിക്കുന്ന സമയം വരുന്ന നവംബര്‍ 30 വരെയായിരുന്നു.
റോഡ് നിര്‍മാണം നടത്തുന്ന സ്ഥലങ്ങളിലെ ജല അഥോറിറ്റി പൈപ്പ് ലൈനുകളും വൈദ്യുത തൂണുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സമയപരിധി നീട്ടാന്‍ കരാറുകാരന് അപേക്ഷ നല്‍കിയത്.
ഈ പ്രവൃത്തികള്‍ അതത് വകുപ്പുകള്‍ പ്രത്യേകം ടെന്‍ഡര്‍ വിളിച്ച് പൂര്‍ത്തിയാക്കേണ്ടതാണ്. അതിനുശേഷം മാത്രമേ റോഡ് പണിയുടെ കരാറുകാരന് ഈ ഭാഗങ്ങളില്‍ പ്രവൃത്തി തുടങ്ങാനാകൂ.
നല്ലോംപുഴ-ഓടക്കൊല്ലി ഭാഗമുള്‍പ്പെടെ ചെറുവത്തൂര്‍-ചീമേനി-ഓടക്കൊല്ലി റോഡിലെ ജല അഥോറിറ്റി പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ജല അഥോറിറ്റിയുടെ വിവിധ ഡിവിഷനുകളിലായി ആകെ 14.1 കോടി രൂപയും വൈദ്യുതി തൂണുകള്‍ മാറ്റാന്‍ വേണ്ടി നല്ലോംപുഴ, ഭീമനടി സെക്ഷനുകളിലായി ആകെ 2.25 കോടി രൂപയും കഴിഞ്ഞ ഒക്ടോബറില്‍ അടച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വിവരാവകാശ പ്രവര്ത്തകന് ബിജു മാപ്പിളപറമ്പിലിന്റെ അപേക്ഷയ്ക്കു നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
നല്ലോംപുഴ-ഓടക്കൊല്ലി റോഡില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഓവുചാലുകളുടെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്നും കലുങ്കുകളില്‍ പലതും ഒരു ഭാഗം മാത്രം പൂര്‍ത്തിയായ നിലയിലാണെന്നും എക്സി.എന്‍ജിനിയറുടെ മറുപടിയില്‍ പറയുന്നു. പ്രവൃത്തികളുമായി ബന്ധപ്പെട്ട് കരാറുകാരന് സമര്‍പ്പിച്ച പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബിയുടെ പരിഗണനയിലാണ്. തുകയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യം കിഫ്ബിയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ അറിയാനാകൂവെന്നും എക്സി.എന്‍ജിനിയര്‍ പറയുന്നു.
ആകെ 50 കിലോമീറ്റര്‍ നീളം വരുന്ന റോഡിന്റെ പ്രവൃത്തിയില്‍ അമ്പതു ശതമാനം പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ കൂടുതലും ചെറുവത്തൂര്‍ മുതല്‍ നല്ലോംപുഴ വരെയുള്ള ഭാഗത്താണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
പണമടച്ചു, ഇനി പൈപ്പുകളും വൈദ്യുത തൂണുകളും മാറ്റിക്കിട്ടാന്‍ കാത്തിരിപ്പ്
12:41 AM Nov 23, 2022 | Deepika.com