കണ്ണൂര്‍: ആസ്വാദകരെയും വിധികര്‍ത്താക്കളെയും ഒരു പോലെ ആനന്ദിപ്പിച്ചുകൊണ്ടുള്ള അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച് ബാൻഡ് മേളത്തിൽ കണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍സെക്കൻഡറി സ്കൂളിന് ഇത്തവണയും മിന്നും വിജയം.
ഉറച്ച ചുവടുകളോടെ ഒരേ താളത്തില്‍ കൊട്ടിക്കയറിയും ബ്യൂഗിള്‍ മുഴക്കിയും വിദ്യാർഥിനികള്‍ മുന്നേറിയപ്പോള്‍ ജഡ്ജ്സിന് വിജയികളെ പ്രഖ്യാപിക്കാന്‍ ഏറെ ചിന്തിക്കേണ്ടി വന്നില്ല. കലോത്സവം ആരംഭിച്ചത് മുതല്‍ ബാൻഡ് മേളത്തിലെ കിരീടം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെയാണ് ഇക്കുറിയും നേട്ടം കൊയ്തത്. പൂര്‍വ വിദ്യാര്‍ഥികളായ ദര്‍ശന, അമ്ര, ദേവിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
പൂരക്കളിയിൽ കുത്തക നിലനിർത്തി കരിവെള്ളൂർ ജിഎച്ച്എസ്എസ്. മുപ്പതാം വർഷവും ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മിന്നും വിജയം നേടിയത്.
കഴിഞ്ഞ വർഷങ്ങളിൽ അവതരിപ്പിച്ച ഗണപതി പാട്ടിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ഒന്നാം നിറവും അഞ്ചാം നിറവും ഇരട്ട രാമായണവും ചേർന്ന പൂരക്കളിയാണ് അവതരിപ്പിച്ചത്. അത്തിയാൽ പ്രമോദാണ് പരിശീലകൻ.
ബാൻഡ് മേളത്തില്‍ സെന്റ് തെരേസാസ്; പൂരക്കളിയിൽ കരിവെള്ളൂർ
12:37 AM Nov 23, 2022 | Deepika.com