പൈസക്കരി: പൈസക്കരി ഇടവകയിൽനിന്ന് ആദ്യമായി പൗരോഹിത്യം സ്വീകരിച്ച ചെറുപുഷ്പ സന്യാസ സഭാംഗ(സിഎസ്ടി) മായ ഫാ. ഫ്രാൻസിസ് തേക്കുംകാട്ടിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നാളെ നടക്കും. മാതൃ ഇടവകയായ പൈസക്കരി ദേവമാതാ ഫൊറോന ദേവാലയത്തിൽ രാവിലെ 9.30ന് സുവർണ ജൂബിലി സമൂഹബലി. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം അധ്യക്ഷത വഹിക്കും.
സിഎസ്ടി സഭ അസി. ജനറാൾ റവ.ഡോ. ജോർജ് ആറാംചേരി, സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, വാർഡ് മെംബർ ആനീസ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. പൈസക്കരിയിലെ ആദ്യ കുടിയേറ്റ കർഷകനായ തേക്കുംകാട്ടിൽ തോമസ്-മറിയം ദമ്പതികളുടെ മകനായ ഫാ. ഫ്രാൻസിസ് 1972 ഡിസംബർ 20 ന് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് ദേവാലയത്തിൽ തലശേരി രൂപതയുടെ പ്രഥമ മെത്രാൻ ദിവംഗതനായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന് പൗരോഹിത്യം സ്വീകരിക്കുകയും ഡിസംബർ 23ന് പൈസക്കരി ദേവമാതാ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
തുടർന്ന് തിരുവനന്തപുരം മലങ്കര അതിരൂപതയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഗൊരഖ്പുർ, നേപ്പാൾ എന്നിവിടങ്ങളിൽ മിഷൻ പ്രവർത്തനം നടത്തി. 1994 മുതൽ കാനഡയിലെ വിവിധ രൂപതകളിൽ സേവനമനുഷ്ഠിച്ചുവരികയാണ്.
ഫാ. ഫ്രാൻസിസ് തേക്കുംകാട്ടിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം നാളെ
12:35 AM Nov 23, 2022 | Deepika.com