പി.എം നജീബിന്‍റെ മരണക്കിടക്കയിലെ സന്ദേശം നൊമ്പരമായി

12:14 PM May 05, 2021 | Deepika.com
റിയാദ്: ചൊവ്വാഴ്ച രാത്രി കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടെ മരണപ്പെട്ട ഒ. ഐ. സി. സി സൗദി നാഷണൽ കമ്മറ്റി പ്രസിഡന്‍റും കോൺഗ്രസ് നേതാവായിരുന്ന പി എം സാദിരിക്കോയയുടെ മകനുമായ പി എം നജീബ് അവസാന നാളുകളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി. എല്ലാമുണ്ടായിട്ടും പ്രാണവായു കിട്ടാതെ വന്നാൽ മനുഷ്യൻ എത്ര ദുർബലനായിത്തീരുമെന്ന് തന്‍റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് അറുപത്തൊന്നുകാരനായ നജീബ്.

കോവിഡിന്‍റെ രണ്ടാം വരവിൽ ജാഗ്രതക്കുറവ് കാണിച്ച പൊതുജനവും മുന്നൊരുക്കങ്ങൾക്ക് പിശുക്ക് കാണിച്ച സർക്കാരുമാണ് കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലെത്തിച്ചതെന്ന് സൗദി അറേബ്യയിലെ കോൺഗ്രസ് നേതാവും കെ പി സി സി ജനറൽ സെക്രട്ടറിയും ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി എം നിയാസിന്‍റെ സഹോദരനുമായ പി എം നജീബ് ഈ കുറിപ്പിൽ പറയുന്നു.

ഇരുപത്തെട്ട് വർഷത്തോളമായി സൗദി അറേബ്യയിലുള്ള പി എം നജീബ് കുടുംബ സമേതം കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിലാണ് താമസം. മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ അദ്ദേഹം സഹോദരൻ പി എം നിയസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു നജീബ്. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് കാലത്ത് 7.30 ന് കോഴിക്കോട് കണ്ണാംപറമ്പ് മഖ്ബറയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സംസ്കരിച്ചു.

കോഴിക്കോട് പുതിയങ്ങാടി പാലക്കാട റോഡിൽ സുലൈഖാസിൽ താമസിക്കുന്ന പി എം നജീബിന്റെ ഭാര്യ സീനത്ത്. സാദ് നജീബ്, സന നജീബ് (സൈക്കോളജിസ്റ്റ്) എന്നിവർ മക്കളും മുനവ്വർ ഹുസൈൻ (ദമ്മാം) മരുമകനുമാണ്. പരേതനായ പി എം അബ്ദുൽ നാസർ, പി എം നിയാസ് (കെ പി സി സി ജനറൽ സെക്രെട്ടറി), ഷാജ്‌നാ (റിയാദ്) എന്നിവർ സഹോദരങ്ങളാണ്. റിയാദ് ഇന്റർനാഷണൽ എനർജി ഫോറത്തിലെ ഉദ്യോഗസ്ഥനും സാമൂഹ്യപ്രവർത്തകനുമായ ഇബ്രാഹിം സുബ്ഹാൻ സഹോദരീ ഭർത്താവാണ്. വലിയ സുഹൃദ് വലയമുള്ള പി എം നജീബിന്റെ നിര്യാണത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ