ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ക്നാനായ കാത്തലിക് റീജണിന്റെ ഭാഗമായ ഫ്ളോറിഡായിലെ ഓർലാൻഡോയിൽ പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻ ക്നാനായ കാത്തലിക് മിഷന് സ്വന്തമായി പുതിയൊരു ദേവാലയം എന്നുള്ള സ്വപ്നം യാഥാർഥ്യമായി.
ഒർലാൻഡോ സിറ്റിയിലെ സസെക്സ് ഡ്രൈവിലുള്ള നാലേക്കർ സ്ഥലവും ദൈവാലയവും വാങ്ങിയാണ് ഒർലാൻഡോയിലെ ക്നാനായ സമൂഹം അജപാലന സൗകര്യം വർധിപ്പിക്കുന്നത്. 2017 ഡിസംബറിലാണ് ഒരു മിഷൻ സ്ഥാപിക്കുവാനുള്ള ആഗ്രഹം ഒർലാൻഡോയിലെ ക്നാനായ കുടുംബങ്ങൾ രൂപതാ കേന്ദ്രത്തിൽ അറിയിച്ചത്.
ടാന്പാ സേക്രഡ് ഹാർട്ട് ദൈവാലയത്തിന്റെ ഭാഗമായിരുന്ന മുപ്പതോളം കുടുംബങ്ങളാണ് ഓർലാൻഡോയിൽ ഉള്ളത്. 2018 മെയ് 25ന് സെന്റ് സ്റ്റീഫന്റെ നാമധേയത്തിലുള്ള ഒർലാൻഡോ ക്നാനായ മിഷൻ മാർ ജോയി ആലപ്പാട്ട് പിതാവ് ദിവ്യബലി അർപ്പിച്ച് ഉദ്ഘാടനം ചെയ്തു.
പുതിയ മിഷൻ ഡയറക്ടറായി ഫാ. മാത്യു മേലേടം നിയമിതനായി. ഫാ. ജോസ് ശൗര്യംമാക്കൽ മിഷൻ രൂപീകരണവേളയിൽ നേതൃത്വം നൽകിയിരുന്നു.
ഒർലാൻഡോ മിഷന് 2019 മാർച്ച് മാസത്തിൽ 2 ഏക്കർ സ്ഥലവും വീടും വാങ്ങി. ഈ മിഷനിൽ എല്ലാമാസവും വിശുദ്ധ ബലിയും കൂടാരയോഗങ്ങളും സജീവമായി നടന്നു പോന്നു. 2020 ജനുവരി മുതൽ ജോസ് അദോപ്പള്ളി അച്ചൻ മിഷന്റെ ഡയറക്ടറായി ചുമതല ഏറ്റെടുത്തു. ഒർലാൻഡോയിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ളോറിഡായുടെ സമീപത്താണ് പുതിയതായി വാങ്ങിയ ദൈവാലയവും നാലേക്കർ സ്ഥലവും സ്ഥിതി ചെയ്യുന്നത്.
അമേരിക്കയിൽ ക്നാനായ കത്തോലിക്ക റീജണ്‍ സ്ഥാപിതമായിട്ട് 15 വർഷം പൂർത്തിയാകുന്ന ഈ അവസരത്തിൽ റീജണിലെ പതിനഞ്ചാമത്തെ ദൈവാലയമായി ഒർലാൻഡോ മിഷൻ മാറുന്നതിൽ വലിയ ദൈവകൃപയും കൃതാർഥതയുമുണ്ടെന്ന് ക്നാനായ റീജണ്‍ ഡയറക്ടർ മോണ്‍. തോമസ് മുളവനാൽ അനുസ്മരിച്ചു.
റിപ്പോർട്ട്: സ്റ്റീഫൻ ചൊളളംബേൽ
ഫ്ളോറിഡായിലെ ഒർലാൻഡോ ക്നാനായ മിഷന് സ്വന്തമായൊരു ദേവാലയം
10:58 PM May 03, 2021 | Deepika.com