റിയാദ്: സാർവദേശീയ തൊഴിലാളി ദിനത്തിന്റെ സ്മരണ പുതുക്കി റിയാദിൽ കേളി സമുചിതമായി മെയ്ദിനാചരണം സംഘടിപ്പിച്ചു.
മേയ്ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈനിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കേളി രക്ഷാധികാരി കെപിഎം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ മേയ്ദിന സന്ദേശം നൽകി. ഷിക്കാഗോയിൽ രക്തം ചിന്തിയവരുടേയും ലോകത്താകമാനം തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ പോരാടി വീരമൃത്യുവരിച്ച തൊഴിലാളികളുടേയും വീരസ്മരണക്കു മുൻപിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും മേയ്ദിന സന്ദേശത്തിൽ പറഞ്ഞു. ലോകം കണ്ട വൻ ദുരന്തങ്ങളിലൊന്നായ കോവിഡ്-19 കൊറോണ വൈറസിനെ നേരിടാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രവർത്തിക്കുന്ന ലോകമെന്പാടുമുള്ള ആരോഗ്യ പ്രവർത്തകരോടും തൊഴിലാളികളോടുമുള്ള നന്ദിയും ഐക്യദാർഡ്യവും, ഈ മഹാവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനവും യോഗം രേഖപ്പെടുത്തി.
രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. മാറിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് തൊഴിൽ മേഖലയിലെ അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളികൾ കൂടുതൽ സംഘടിത ശക്തിയാർജ്ജിക്കേണ്ടതുണ്ട്. ഇന്ത്യയിൽ പുതിയ തൊഴിൽ ഭേദഗതി നിയമത്തിലൂടെ കോർപ്പറേറ്റ് മൂലധനത്തിന്റെ അശ്വമേധത്തിനുള്ള പുതിയ രാജപാതകൾ വെട്ടിത്തുറക്കുകയാണെന്നും, തൊഴിലാളികൾ ഐതിഹാസികമായ പ്രക്ഷോഭങ്ങൾ നടത്തി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ നാം ശക്തമായി മുന്നോട്ട് വരണമെന്നും, ടി.ആർ.സുബ്രഹ്മണ്യൻ ആഹ്വാനം ചെയ്തു.
കേളി സൈബർ വിംഗ് കണ്‍വീനർ സിജിൻ കൂവള്ളൂർ തയ്യാറാക്കിയ മെയ്ദിന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കേളി ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കുടുംബവേദി സെക്രട്ടറി സീബാ കൂവോട് നന്ദിയും പറഞ്ഞു.
കേളി മേയ്ദിനാചരണം സംഘടിപ്പിച്ചു
12:15 PM May 02, 2021 | Deepika.com