അബുദാബി : ഫൈസർ ബയോ എൻടെക് വാക്സിന് അംഗീകാരം നൽകാൻ അബുദാബി ആരോഗ്യ വിഭാഗം. സിനോഫാം വാക്സിന് ശേഷം അബുദാബി ആരോഗ്യ വിഭാഗം അംഗീകരിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഫൈസർ ബയോ എൻ ടെക് വാക്സിൻ.
അബുദാബി, അലൈൻ, അൽ ടഫ്റ എന്നിവിടങ്ങളിലായി 11 കേന്ദ്രങ്ങളിൽ കൂടിയാകും ഫൈസർ വാക്സിൻ നൽകുക എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റേതെങ്കിലും വാക്സിന്റെ ഡോസ് സ്വീകരിച്ചവർ, ഗർഭിണികൾ , ആരോഗ്യ പരിശോധനയിൽ ചില രോഗാവസ്ഥകളുണ്ടെന്നു കണ്ടെത്തുന്നവർ, അതികഠിനമായ അലർജി രോഗങ്ങൾ ഉള്ളവർ, 16 വയസിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവർക്ക് ഫൈസർ വാക്സിൻ നൽകില്ല .
വാക്സിൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് സേഹയുടെ 800 50 എന്ന നന്പറിൽ വിളിച്ചു മുൻകൂട്ടി ബുക്കിംഗ് നടത്താം. 8004959 എന്ന നന്പറിൽ വിളിച്ചാൽ മുബാദല ഹെൽത്ത് സെന്ററിലൂടെയും വാക്സിനേഷൻ സ്വീകരിക്കാം .നിലവിൽ 133 കേന്ദ്രങ്ങളിലൂടെ സിനോഫാം വാക്സിൻ വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു എ ഇ യിൽ വാക്സിനേഷൻ സ്വീകരിക്കാത്തവർക്ക് കർശനമായ യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്നു സർക്കാർ വക്താവ് സൈഫ് അൽ ദാഹിരി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 65 .54 ശതമാനം ആളുകൾ വാക്സിനേഷൻ സ്വീകരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അബുദാബിയിൽ ഫൈസർ ബയോ എൻടെക് വാക്സിന് അംഗീകാരം
11:42 PM Apr 21, 2021 | Deepika.com