മിനിയാപോളിസ്: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റുമായിരുന്ന വാൾട്ടർ മൊണ്ടെൽ (93) തിങ്കളാഴ്ച അന്തരിച്ചു.
മിനിയാപോലിസിലുള്ള ഭവനത്തിൽ വച്ചു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 2014 മുതൽ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്നു വാൾട്ടർ.
1971 മുതൽ 1981 വരെ ജിമ്മി കാർട്ടറിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1984 ൽ ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിത്വം ലഭിച്ചുവെങ്കിലും റൊണാൾഡ് റീഗനോടു പരാജയപ്പെട്ടു. പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ വൈസ് പ്രസിഡന്റായി ന്യുയോർക്കിൽ നിന്നുള്ള കോണ്ഗ്രസ് അംഗം ജെറാൾഡിൻ ഫറേറൊയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു ചരിത്രം തിരുത്തിയെഴുതിയ വ്യക്തിയെന്ന ബഹുമതിയും വാൾട്ടറിനു ലഭിച്ചു.
1951 ൽ മിനിസോട്ട യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയശേഷം കൊറിയൻ യുദ്ധത്തിൽ അമേരിക്കൻ ആർമിയുടെ ഭാഗമായി പ്രവർത്തിച്ചു.1960 ൽ മിനിസോട്ട അറ്റോർണി ജനറൽ പദവിയും വാൾട്ടറിന് ലഭിച്ചു. അമേരിക്ക കണ്ട ഏറ്റവും പ്രഗൽഭനായ വൈസ് പ്രസിഡന്റായിരുന്നു വാൾട്ടറെന്ന് ജിമ്മി കാർട്ടർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
യുഎസ് മുൻ വൈസ് പ്രസിഡന്റ് വാൾട്ടർ മൊണ്ടെൽ അന്തരിച്ചു
08:11 PM Apr 20, 2021 | Deepika.com