അബുദാബി : ഒരു ദിർഹം നൽകി യുഎഇയുടെ ഏറ്റവും വിപുലമായ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയിൽ ചേരുന്നതിനു അവസരം. അറബ് മേഖലയിലെ ഏറ്റവും വലിയ ഫുഡ് ഡൊണേഷൻ പദ്ധതിക്കാണ് റംസാൻ നാളുകളിൽ യുഎഇ തയാറെടുത്തിരിക്കുന്നത്.
20 രാജ്യങ്ങളിലെ ദാരിദ്യ്രം അനുഭവിക്കുന്ന ജനത ഈ റംസാൻ നാളുകളിൽ വിശപ്പ് അനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെ യുഎഇ തയാറാക്കിയ ന്ധഹണ്ഡ്രഡ് മില്യണ്‍ മീൽസ്ന്ധ എന്ന പദ്ധതിയിലാണ് ഒരു ദിർഹം നൽകി പങ്കു ചേരാവുന്നത്. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
സുഡാൻ, ലെബനൻ, ജോർദാൻ, പാകിസ്ഥാൻ, അംഗോള, ഉഗാണ്ട, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങൾക്കാകും ഭക്ഷണ പൊതികൾ എത്തിക്കുക. നമ്മൾ ജീവിക്കുന്ന ഈ ദേശത്തു നിന്നും കേവലം 4 മണിക്കൂർ അകലെ ജീവിക്കുന്ന 52 ദശലക്ഷം പേർ കൊടിയ ദാരിദ്യ്രത്തിലാണ് ജീവിക്കുന്നതെന്ന സത്യം നാം വിസ്മരിക്കരുതെന്നും,അവരുടെ വിശപ്പ് അകറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു.
www.100millionmeals.ae എന്ന വെബ് സൈറ്റിലൂടെയേ ബാങ്ക് ട്രാൻസ്ഫർ വഴിയോ സംഭാവനകൾ അയക്കാവുന്നതാണ് . എത്തിസലാത് , ഡു മൊബൈലുകളിൽ നിന്നും പ്രത്യേക നന്പറുകളിലേക്കു MEAL എന്ന സന്ദേശം അയച്ചും സംഭാവനകൾ നൽകാവുന്നതാണ് . മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷ്യേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയാണ് ഹണ്‍ഡ്രഡ് മില്യണ്‍ മീൽസ് എന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
റംസാൻ നാളുകളിൽ യുഎഇയിൽ നിന്നും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ
12:01 AM Apr 13, 2021 | Deepika.com