കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്ക് രൂപവൽകരിക്കുന്നു. കായികാഭിരുചിയും കഴിവുമുള്ള ഇന്ത്യക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപവൽകരിക്കുന്നത്.
ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ കോവിഡ് പ്രേട്ടോകോൾ പാലിച്ച് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ച് നിയന്ത്രിതമായാണ് ചടങ്ങ് നടത്തുന്നത്. ഇന്ത്യൻ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി എല്ലാ ഇന്ത്യക്കാർക്കും പരിപാടി ലൈവായി കാണാവുന്നതാണ്. ഇന്ത്യൻ കായിക മേഖലയെക്കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനമുണ്ടാകും. അംബാസഡർ കപ്പ് ബാഡ്മിൻറണ് ടൂർണമെൻറ് ട്രോഫി ചടങ്ങിൽ അവതരിപ്പിക്കും. ഭാവിയിൽ വിവിധ കായികമേളകളും മറ്റു പരിപാടികളും ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്കിന്റെ പിന്തുണയോടെ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
ഇന്ത്യൻ കായികസമൂഹത്തെയും കുവൈറ്റിനെയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന വിവിധ പരിപാടികളും ലക്ഷ്യമിടുന്നു. നെറ്റ്വർക്കിൽ ചേരാനുള്ള ഗൂഗിൾ ഫോണും ട്വിറ്റർ വിലാസവും ചൊവ്വാഴ്ച അംബാസഡർ പ്രഖ്യാപിക്കും. എംബസി വെബ്സൈറ്റിലൂടെയും ഇവ ലഭിക്കും. ബുധനാഴ്ച ട്വിറ്ററിൽ സ്പോർട്സ് ക്വിസും നടത്തുന്നു. നേരേത്ത എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക്, ഇന്ത്യൻ പ്രഫഷനൽ നെറ്റ്വർക്ക് എന്നിവ രൂപവൽകരിച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്പോർട്സ് നെറ്റ് വർക്ക് രൂപവൽകരിക്കുന്നു
10:57 PM Apr 06, 2021 | Deepika.com