ഡാളസ്: ഡാളസ് സൗഹൃദവേദി മാർച്ച് 28 ഞായറാഴ്ച ക്രമീകരിച്ച സൂം പ്ലാറ്റ്ഫോം സമ്മേളനം മികച്ച സാംസ്കാരിക സംഘടനാ നേതാവും, മലയാള സാഹിത്യ രചയിതാവുമായ എബ്രഹാം തെക്കേമുറിയെയും, തികഞ്ഞ മലയാള ഭാഷ സ്നേഹിയായ ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചു.
ജെ. മാത്യൂസ് (ജനനി മാഗസിൻ ചീഫ് എഡിറ്റർ), ജോർജ് ജോസഫ് (ചീഫ് എഡിറ്റർ ഈ മലയാളി) തുടങ്ങിയവർ മുഖ്യ അതിഥികളായി എത്തിയ പൊതുസമ്മേളനത്തിൽ ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ് എബി മക്കപ്പുഴ സെക്രട്ടറി അജയകുമാർ എന്നിവർ എബ്രഹാം തെക്കേമുറിയെ പൊന്നാട അണിയിച്ചു ആദരവ് നൽകി.
കഴിഞ്ഞ 40 വർഷം ഡാളസിലെ സാംസ്കാരിക സംഘടനകളിൽ മികച്ച സേവനം നടത്തുകയും, മലയാള സാഹിത്യ രംഗത്തു പ്രശസ്തമായ രചനകൾ നൽകികൊണ്ടിരിക്കുന്നതുമായ എബ്രഹാം തെക്കേമുറിയുടെ സുത്യർഹമായ സേവനങ്ങളെ പ്രശംസിച്ചു കൊണ്ട് ജെ. മാത്യൂസ് പ്രസംഗിച്ചു.
വിമർശന രൂപത്തിലും, ഫലിത രൂപത്തിലും ആനുകാലിക വിഷയങ്ങളെ പ്രവാസി മനസ്സുകളിൽ എത്തിക്കുവാൻ തെക്കേമുറിയുടെ സാഹിത്യ കൃതികൾക്ക് സാധിച്ചിട്ടുണ്ടെന്നു ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സാംസ്കാരിക നേട്ടങ്ങളെ മാനിച്ചു ഡാളസ് സൗഹൃദ വേദി ഒരുക്കിയ ലൈഫ് അച്ചീവ്മെന്റ് അവാർഡ് ജോർജ് ജോസഫ് തെക്കേമുറിക്കു സമ്മാനിച്ചു.
തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങ് ടെക്സസ് യൂണിവേഴ്സിറ്റി ഓഫ് ഓസ്റ്റൻ മലയാളം വിഭാഗം അധ്യാപികയും, മലയാളം ഭാഷസ്നേഹിയുമായ ഡോ.ദർശന മനയത്ത് ശശിക്ക് അക്ഷര ശ്രീ അവാർഡ് നൽകി കൊണ്ടായിരുന്നു.
പ്രസിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. പ്രധാന അതിഥികളുടെ പ്രസംഗത്തിന് ശേഷം ആദരിക്കൽ ചടങ്ങിന്റെ ഭാഗങ്ങൾ സൂമിലൂടെ പ്രദർശിപ്പിച്ചു. തുടന്ന് ജോസെൻ ജോർജ് (ലാന പ്രസിഡന്റ്) ഷിജു എബ്രഹാം (സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് റാന്നി) സിജു വി. ജോർജ് (കഐൽഎസ്, പ്രസിഡന്റ്), ടീച്ചർ സാറ ചെറിയാൻ (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം), ഹിമാ രവീന്ദ്രനാഥ്(മലയാളം അധ്യാപിക ഗുരുവായുരപ്പൻ ടെംപിൾ, ഡാളസ്) തുടങ്ങിയ സാംസ്കാരിക നേതാക്കൾ ആശംസ പ്രസംഗങ്ങൾ നടത്തി.
എബ്രഹാം തെക്കേമുറിയുടെയും, ഡോ. ദർശനയുടെയും ഹൃദയസ്പർശിയായ മറുപിടി വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരത്തിലുള്ള ആദരവ് ചടങ്ങ് ക്രമീകരിച്ച ഡാളസ് സൗഹൃദ വേദി ഭാരവാഹികളെയും പ്രവർത്തകരെയും ഇരുവരും അനുമോദിച്ചു. ഷീബാ മത്തായി കൃതജ്ഞത അറിയിച്ചതിനുശേഷം യോഗ പരിപാടികൾക്ക് തിരശീല വീണു.
റിപ്പോർട്ട്: എബി മക്കപ്പുഴ
ഡാളസ് സൗഹൃദവേദി എബ്രഹാം തെക്കേമുറിയെയും ഡോ. ദർശനയെയും ആദരിച്ചു
10:42 PM Apr 06, 2021 | Deepika.com