ഡാളസ് കൗണ്ടിയില്‍ കോവിഡ് മരണം 20, രോഗബാധിതര്‍ 294

12:22 PM Apr 04, 2021 | Deepika.com
ഡാളസ്: യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതിരുന്ന ഇരുപത് വയസുകാരന്‍റെ മരണത്തോടെ ഏപ്രില്‍ മൂന്നാം തീയതി ശനിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയില്‍ ഇരുപതായി ഉയര്‍ന്നതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. 294 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ 30 വയസ് മുതല്‍ 80 വയസുവരെ പ്രായമുള്ളവരാണ് ഉള്‍പ്പെടുന്നതെന്നും, മിക്കവാറും പേര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 3591 ആയി ഉയര്‍ന്നു. 2,52,583 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡാളസ് കൗണ്ടിയില്‍ മറ്റൊരു മാരക കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായും, ഇതുവരെ 19 പേരില്‍ ഈ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തതായി ജഡ്ജി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്നും, മാസ്‌കും, സാമൂഹിക അകലവും പാലിക്കണമെന്നും ജഡ്ജി അഭ്യര്‍ഥിച്ചു. ടെക്‌സസിലെ 16 വയസിനു മുകളിലുള്ള മൂന്നില്‍ ഒരു ഭാഗം പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍