കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമം തെറ്റിച്ചാൽ ഇനി മുതൽ കടുത്ത നടപടിയെന്ന് ട്രാഫിക് അധികൃതർ. അശ്രദ്ധമായി വാഹനമോടിച്ചതിന് 20,880 നിയമലംഘനങ്ങളും വാഹനമോടിക്കുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചതിന് 29,062 നിയമലംഘനങ്ങളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ട്രാഫിക് നിയമലംഘനം കണ്ടെത്തിയാൽ അത് ഫോട്ടോയെടുത്ത് വാട്സ്ആപ്പ് വഴി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന് അയയ്ക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഡ്രൈവിംഗിനിടെ മൊബൈൽ ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവരെ കണ്ടെത്തുവാൻ രാജ്യത്തെ റോഡുകളിൽ പട്രോളിംഗ് ടീമുകളെ സജ്ജീകരിച്ചതായും റോഡുകളിൽ ഘടിപ്പിച്ച ക്യാമറകൾ വഴി അത്തരക്കാരെ നിരീക്ഷിക്കുമെന്നും ട്രാഫിക് അധികൃതർ അറിയിച്ചു.
റെഡ് സിഗ്നൽ മറികടക്കുക, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകുംവിധം അശ്രദ്ധമായി വാഹനം ഓടിക്കുക, പൊതുനിരത്തുകളിൽ വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനം, വണ്‍വേ തെറ്റിക്കൽ, സ്വകാര്യവാഹനങ്ങളുപയോഗിച്ചു ടാക്സി സർവീസ് നടത്തൽ തുടങ്ങിയ നിയമലംഘങ്ങൾക്ക് 500 ദിനാർ വരെ പിഴയും മൂന്നു മാസം തടവും അനുഭവിക്കേണ്ടി വരിക.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇനി നിയമലംഘനം കണ്ടെത്തിയാൽ വാട്സ്ആപ്പ് വഴി അറിയിക്കാം; കടുത്ത നടപടിയുമായി ട്രാഫിക് ഡിപ്പാർട്ട്മെന്റ്
08:14 PM Mar 02, 2021 | Deepika.com