വിശാലമായ പാർക്കിംഗ് ഏരിയ, കമ്മ്യൂണിറ്റി പരിപാടികൾക്കു മാത്രമായി പ്രത്യേക ഓഡിറ്റോറിയം എന്നിവയുള്ള കമ്മ്യൂണിറ്റി സെന്ററിൽ വിവാഹം, മറ്റ് പ്രത്യേക ആഘോഷങ്ങൾക്കെല്ലാം ഉതകുന്ന സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പദ്ധതിയുടെ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വിദ്യാഭ്യാസത്തിനു പോകുന്ന വിദ്യാർഥികൾക്ക് ഗൈഡൻസ് നൽകാൻ ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെ സെന്ററുകളടക്കം കമ്മ്യൂണിയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കുമുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാനായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഡോ. ബാബു സ്റ്റീഫൻ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകനുമാണ്. അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. അമേരിക്കയിൽ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫൻ ഡിസി ഹെൽത്ത്കെയർ ഐഎൻസിയുടെ സിഇഒയും എസ്.എം റിയാലിറ്റി എൽഎൽസിയുടെ പ്രസിഡന്റുമാണ്.
വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ സംഘടനകളായ കൈരളി ബാട്ടിമോർ, കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണ്‍, കേരള കൾച്ചറൽ സൊസൈറ്റി, ഗ്രാമം റിച്ച്മോണ്ട് എന്നീ സംഘടനകൾക്ക് ചടങ്ങിൽ സ്റ്റീഫൻ ഫൗണ്ടേഷൻ പ്രവർത്തനമൂലധനമായി 5000 ഡോളർവീതം നൽകി. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് വർഷത്തിലൊരിക്കൽ ഒത്തുകൂടുന്നതിനും അവരുടെ കഴിവുകൾ തെളിയിക്കുന്നതിനും സ്റ്റീഫൻ ഫൗണ്ടേഷനും ഇന്ത്യാ ഇന്റർനാഷണൽ സെന്ററും സംയുക്തമായി തുടങ്ങുന്നതിനുള്ള പദ്ധതികളും ഡോ. ബാബു സ്റ്റീഫൻ വിശദീകരിച്ചു.
ചടങ്ങിൽ വാഷിംഗ്ടണ്‍ ഡിസിയിലെ പ്രമുഖ അഭിഭാഷകൻ ഓംകാർ ശർമ്മ, ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ ബി. നായർ, ഐഎപിസി സ്ഥാപക ചെയർമാനും ജയ്ഹിന്ദ് വാർത്ത പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജിൻസ്മോൻ പി. സക്കറിയ, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി അംഗം ബെൻപോൾ, ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, വേൾഡ് മലയാളി കൗണ്‍സിൽ ഡിസി പ്രൊവിൻസ് പ്രസിഡന്റ് മോഹൻകുമാർ, കൈരളി ബാട്ടിമോർ സംഘടനയുടെ പ്രസിഡന്റ് സബീന നാസർ, സെക്രട്ടറി ഷീബ അലോഷ്യസ്, ട്രഷറർ ജിലു ലെജി, മുൻപ്രസിഡന്റുമാരായ ഷംസ് നാസർ, അനിൽ അലോഷ്യസ്, കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണ്‍ പ്രസിഡന്റ് പെൻസ് ജേക്കബ്, സെക്രട്ടറി ദീപക് സോമരാജൻ, മുൻ പ്രസിഡന്റ് നാരായണൻകുട്ടി മേനോൻ, കേരള കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അനിൽ കുമാർ, ട്രഷറർ രാജീവ് സുകുമാരൻ, ഉപദേശക സമിതി അംഗം മാത്യു പോൾ, ഗ്രാമം റിച്ച്മോണ്ട് പ്രസിഡന്റ് നബീൽ മട്ടാറ, മുൻപ്രസിഡന്റ് ജോണ്സണ് തങ്കച്ചൻ, ട്രഷറർ ടോണി തോമസ്, ഫൊക്കോന ബിഒടി വൈസ് ചെയർമാൻ ബെൻ പോൾ എന്നിവർ സന്നിഹിതരായിരുന്നു. പ്രോജക്ടിന്റെ സിഇഒ ആയി ഡോ. ജിമ്മി ജോർജിനെ ചുമതലപ്പെടുത്തിയതായി ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
റിപ്പോർട്ട്: ജിൻസ്മോൻ പി. സക്റിയ