കുവൈറ്റ് സിറ്റി : രാജ്യത്തെ 60-ാം ദേശീയ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി മുജ്തബ ക്രിയേഷന്റെ നേതൃത്വത്തിൽ നിർമിച്ച വീഡിയോ ആൽബം ശ്രദ്ധേയമാവുന്നു. ’ഹമാര പ്യാർ’ എന്ന ആൽബത്തിലൂടെയാണ് പോറ്റമ്മ നാടിന്റെ അഭിമാന നിമിഷങ്ങളിൽ മലയാളികളും തങ്ങളുടെ ഹൃദയ വികാരം ചേർത്തുവയ്ക്കുന്നത്. ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ ആശംസയോടെയാണ് വീഡിയോ ആൽബം ആരംഭിക്കുന്നത്. കൊറോണയെന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലത്തും കുവൈറ്റ് ഭരണകൂടം പ്രവാസികൾക്ക് നൽകുന്ന പിന്തുണയാണ് ഈ ആൽബത്തിന് പ്രചോദനമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
പ്രവാസലോകത്ത് അറിയപ്പെടുന്ന കലാപ്രതിഭ തൃശൂർ സ്വദേശി ഹബീബുള്ള മുറ്റിച്ചൂരാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രതീഷ് അമ്മാസും വരികൾ എഴുതിയത് പ്രമുഖ ഗാനരചയിതാവ് ഒ.എം. കരുവാരക്കുണ്ടുമാണ്. സംഗീതം നൽകിയിരിക്കുന്നത് മുസ്തഫ അന്പാടി. മുജ്തബ ക്രിയേഷനാണ് നിർമ്മാണം. കൊറിയോഗ്രാഫി നിർവഹിച്ചത് സിന്ധു മദുൽരാജ് ലാൽസൻ പരേര അനൂപ് മാനുവൽ എന്നീവരാണ്. ഗാനം ആലപിച്ചത് ഹബീബുള്ള മുറ്റിച്ചൂരും യൂനുസെഡും ചേർന്നാണ്. കുവൈത്തിലെ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് ദേശസ്നേഹം പ്രമേയമായി ചിത്രീകരിച്ച ആൽബത്തിന് റിലീസായി മണിക്കൂറിനുള്ളിൽ തന്നെ സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
മുജ്തബ ക്രിയേഷന്റെ വീഡിയോ ആൽബം ഹമാര പ്യാർ റിലീസ് ചെയ്തു
12:27 AM Feb 26, 2021 | Deepika.com