ബ്രദർ എ.വി. ഡാനിയേൽ കരുത്തനായ പോരാളി

02:28 PM Feb 23, 2021 | Deepika.com
ടെന്നസി: ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ (75) ടെന്നിസിയിൽ നിര്യാതനായി . വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനായി ജനിച്ച ഡാനിയൽ ജോലിയോടനുബന്ധിച്ച് ഒറീസയിലേക്ക് പോയി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് വിശ്വാസിയായി. 1970 - ൽ വിവാഹിതരായ മറിയാമ്മ - ഡാനിയേൽ ദമ്പതികൾക്ക് മൂന്ന് മക്കൾ ഉണ്ട്.

1976 - ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറുകയും, ചാറ്റനൂഗ, ടെന്നസിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 1982-ൽ എളിയതോതിൽ ആരംഭിച്ച എവിഎം എന്‍റർപ്രൈസസ് എന്ന സ്ഥാപനം ഇന്ന് ഹോട്ടൽ സപ്ലൈസ് രംഗത്ത് ഏറെ ശ്രദ്ധേയമായതിനു പിന്നിൽ ഇദ്ദേഹത്തിന്‍റെ കഠിന പ്രയത്നവും, സമർപ്പണവും,പ്രശംസയർഹിക്കുന്നതോടൊപ്പം പുത്തൻ തലമുറയ്ക്ക് മാതൃകാപരവുമാണു.

ചാറ്റനൂഗയിൽ മലയാളി ആത്മീക കൂടിവരവുകൾ ഇല്ലാതിരുന്ന കാലത്ത്,1985ൽ പാസ്റ്റർ കെ. ജെ. മാത്യുവിനോടൊപ്പം ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന ആത്മീക കൂട്ടായ്മയ്ക്ക് തുടക്കകാരൻ ആയ ഈ സുവിശേഷ സ്നേഹിയുടെ സേവനം സഭയ്ക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല. സഭയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം മരണം വരെയും, സഭാ ട്രസ്റ്റിയായും പ്രവർത്തിച്ചുവന്നു. തന്‍റെ ഭൗതീക വരുമാനത്തിൽ നിന്നും ഏറിയ പങ്കും സുവിശേഷ വ്യാപ്തിക്കായി ചിലവഴിക്കുന്നതിൽ ഉത്സുകനായിരുന്ന ഇദ്ദേഹം, ഉത്തര ഭാരതത്തിൽ സുവിശേഷീകരണത്തിലും, സഭാ സ്ഥാപനത്തിലും ശ്രദ്ധാലുവായിരുന്നു.

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെയേയും, ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെയേയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 നു നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇദ്ദേഹത്തിന്റെ സമർപ്പണ മനോഭാവവും, ആത്മാർത്ഥതയും, ആത്മദാഹവും, പ്രതിപാദ്യവിഷയമായിരുന്നു. ദൈവസഭകൾക്കും, ദൈവദാസന്മാർക്കും ഒരു കൈതാങ്ങ് ആയിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് സഭയ്ക്ക് ഒരു തീരാനഷ്ടമാണു.

ഭൗതീക സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 26, 27 തീയതികളിൽ നടക്കും. 26 വെള്ളിയാഴ്ച വൈകിട്ട് 5-8 വരെ അനുസ്മരണ സമ്മേളനവും, സംസ്കാര ശുശ്രൂഷ ഫെബ്രുവരി 27ശനിയാഴ്ച രാവിലെ 10-11:30 വരെ ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

ശുശ്രൂഷയുടെ തത്സമയസംപ്രേഷണം പ്രോവിഷൻ ടി വി യിൽ ലഭ്യമാണ് www.provisiontv.in

റിപ്പോർട്ട്: പി പി ചെറിയാൻ