സ്റ്റാറ്റന്‍ഐലന്‍റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

11:48 AM Feb 23, 2021 | Deepika.com
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്‍റ് മലയാളി അസോസിയേഷന് നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റു, സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരിചയ സമ്പന്നരും യുവജനങ്ങളും ഉള്‍പ്പെടുന്ന പുതിയ ഭരണ സമിതി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നു പുതിയ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അറിയിച്ചു.

കലാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തിന് പരിചിതനായ ഫ്രെഡറിക് എഡ്വേര്‍ഡ് (ഫ്രെഡ് കൊച്ചിന്‍) ആണ് വൈസ് പ്രസിഡന്‍റ്. അലക്‌സ് തോമസ് (സെക്രട്ടറി), സാറാമ്മ തോമസ് (ട്രഷറര്‍), കുസുമം ചെത്തിക്കോട്ട് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, 19 കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെട്ടതാണ് ഈവര്‍ഷത്തെ ഭരണസമിതി. റജി വര്‍ഗീസ്, ഫൈസല്‍ എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, ജോസ് വര്‍ഗീസ്, അലക്‌സ് വലിയവീടന്‍, റോഷിന്‍ മാമ്മന്‍, സദാശിവന്‍ നായര്‍, സി.വി. വര്‍ഗീസ് വളഞ്ഞവട്ടം, റീനാ സാബു, ബിജു ചെറിയാന്‍, തോമസ് കുര്യന്‍, ജെമിനി തോമസ്, ലൈസി അലക്‌സ്, ഏലിയാമ്മ മാത്യു, ഡോ. സുജ ജോസ്, മോളമ്മ വര്‍ഗീസ്, ഉഷ തോമസ്, തോമസ് തോമസ് പാലത്ര (എക്‌സ് ഒഫീഷ്യോ), ജോസ് ജോയി (ഓഡിറ്റര്‍) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

ജനുവരി 16-ന് ശനിയാഴ്ച തോമസ് തോമസ് പാലത്രയുടെ (മുന്‍ പ്രസിഡന്‍റ്) അധ്യക്ഷതയില്‍ ചേര്‍ന്ന സൂം പൊതുയോഗത്തില്‍ സെക്രട്ടറി റീനാ സാബു വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റജി വര്‍ഗീസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. കോവിഡ് 19 സംഹാരതാണ്ഡവമാടിയ പ്രവര്‍ത്തന വര്‍ഷത്തില്‍ കോവിഡ് ബാധയെ തുടര്‍ന്നും അല്ലാതെയും അമേരിക്കന്‍ മലയാളി സമൂഹത്തിനു നഷ്ടപ്പെട്ട എല്ലാ പ്രിയപ്പേട്ടവരുടേയും ഓര്‍മ്മകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍റെ ജീവനാഡിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത കലാകാരനും, സിനിമാ പ്രവര്‍ത്തകനുമായ തിരുവല്ല ബേബി, അച്ചന്‍കുഞ്ഞ് കോവൂര്‍, ബാബു പീറ്റര്‍ എന്നിവരുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണെന്ന് അംഗങ്ങള്‍ അനുസ്മരിച്ചു. അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ മൗന പ്രാര്‍ത്ഥനയര്‍പ്പിച്ചുകൊണ്ടാണ് വാര്‍ഷിക പൊതുയോഗം ആരംഭിച്ചത്.

ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഏപ്രില്‍ 11 ന് നടത്തുന്നതാണെന്ന് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, സെക്രട്ടറി അലക്‌സ് തോമസ്, ട്രഷറര്‍ സാറാമ്മ തോമസ് എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി റോഷന്‍ മാമ്മന്‍, ജെമിനി തോമസ്, മോളമ്മ വര്‍ഗീസ് എന്നിവര്‍ ചുമതലയേറ്റു. ഏവരുടേയും തുടര്‍ സഹകരണവും പ്രോത്സാഹനവും ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
(അസോസിയേഷനുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.)

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം