വടക്കഞ്ചേരി: മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ ചിറ്റടിക്കടുത്ത് വൻ മരം പൊട്ടി വീണ് ഇന്നലെ രാവിലെ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രാവിലെ ആറ് മണിയോടെയാണ് മരം റോഡിനു കുറുകെ പൊട്ടിവീണത്. സമീപത്തെ സഹദേവന്റെ മതിലിനും ഗേറ്റിനും കേടുപാടുണ്ട്. ഈ സമയം അതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. വടക്കഞ്ചേരി ഫയർഫോഴ്സും മംഗലംഡാം പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഈ ഭാഗത്ത് നിരവധി മരങ്ങൾ വളർച്ച മുരടിച്ചും ഉണങ്ങിയും അപകട ഭീഷണിയിലാണ്. മരങ്ങൾ മുറിച്ചുമാറ്റി റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഒന്നിനും നടപടി ഇല്ല എന്നാണ് ആക്ഷേപം.
റോഡിനു കുറുകെ വൻമരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു
12:47 AM Oct 08, 2022 | Deepika.com