ആശ്രയകിറ്റ് അഴിമതി; കർശന നടപടി സ്വീകരിക്കാൻ നഗരസഭ
12:46 AM Oct 08, 2022 | Deepika.com
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭയിൽ ആശ്രയമില്ലാത്ത പാവങ്ങൾക്ക് വിതരണം ചെയ്യുന്ന ആശ്രയ കിറ്റിൽ തൂക്കുകുറവ് വരുത്തി അഴിമതി നടത്തിയ പരാതിയിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സിൽ യോഗം തീരുമാനിച്ചു. അഴിമതി നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ഇടത് കൗണ്‍സിലർമാരായ ടി.ആർ. സെബാസ്റ്റ്യനും കെ. മൻസൂറും വലത് കൗണ്‍സിലർമാരായ ഷഫീഖ് റഹ്മാനും അരുണ്‍കുമാർ പാലക്കുറുശിയും ബിജെപി കൗണ്‍സിലർ പി. പ്രസാദും ആവശ്യപ്പെട്ടു. സിഡിഎസ് ചെയർപേഴ്സണ്‍ ഉൗർമ്മിളയും നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. സിഡിഎസ് ചെയർപേഴ്സണ്‍ ഉൗർമ്മിള കൗണ്‍സിൽ യോഗത്തിലെത്തി തൂക്ക കുറവിന്റെ കാര്യം ത്രിവേണി മാർക്കറ്റിൽ നിന്ന് ആരും അറിയിച്ചിട്ടില്ലെന്നു വ്യക്തമാക്കി. ഇതോടെ സ്റ്റോക്ക് കുറവുകാരണം ഇത്തവണ കിറ്റുകളിൽ ഓരോ കിലോ വീതം അരി കുറച്ചാണ് നൽകിയതെന്ന ത്രിവേണി ജീവനക്കാരുടെ വാദവും പൊളിഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിജിലൻസിനും മറ്റ് ഏജസികൾക്കും പരാതി നൽകുമെന്നും ചെയർമാൻ പറഞ്ഞു.