കണ്ണൂർ: കണ്ണൂർ സർവകലാശാല എൻഎസ്എസ് സെല്ലിന്റെയും നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെയും നേതൃത്വത്തിലുള്ള ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കമായി. ഡോ. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
നാട്ടുമാവുകളുടെ കേന്ദ്രീകൃത സംരക്ഷണം ഉറപ്പുവരുത്തുകയും വിവിധ നാട്ടുപഴങ്ങൾ വിളയുന്ന ചെടികൾ നട്ട് പരിപാലിക്കുകയും ചെയ്തുകൊണ്ടുള്ള ചെറുതോട്ടങ്ങളാണ് ചെറുമാന്തോപ്പ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒരു ഒത്തുചേരൽ കേന്ദ്രം എന്ന നിലയിൽക്കൂടി പ്രദേശത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച രീതിയിൽ ഇത് രൂപകല്പന ചെയ്യും. പത്തോളം ചെറുമാന്തോപ്പുകളാണ് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ ആരംഭിച്ചിട്ടുള്ളത്.
അത് വിപുലീകരിച്ച് കണ്ണൂർ സർവകലാശാലയുടെ കീഴിലും മറ്റിടങ്ങളിലുമായി 40 -50 ഹെക്ടർ സ്ഥലത്ത് ചെറുമാന്തോപ്പുകൾ ഉണ്ടാക്കും. കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളജുകളിലും സർവകലാശാല കാമ്പസുകളിലും ഏറ്റവും ചുരുങ്ങിയത് അരയേക്കർ വിസ്തൃതിയിലെങ്കിലും നാട്ടുമാവിൻ തോപ്പുകൾ ഉണ്ടാക്കുകയും അതു മുൻനിർത്തി ഗവേഷണങ്ങൾ ഉൾപ്പെടെ നടത്തുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ചെറുമാന്തോപ്പ് പദ്ധതിക്ക് തുടക്കമായി
12:37 AM Oct 08, 2022 | Deepika.com