മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ നിന്നും മരുന്നു മാറി നല്‍കിയതായി പരാതി. ഇതു സംബന്ധിച്ച് അണ്ടൂര്‍കോണം തെറ്റിച്ചിറ സ്വദേശി വിനോദ് പോലീസിനും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്കി.
ഇസ്നോഫീലിയയ്ക്കുള്ള മരുന്നിനു പകരം നല്‍കിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ളതായിരുന്നുവെന്ന് വിനോദ് പറയുന്നു. വിനോദിന്റെ മകന് ചുമ കലശലായതിനാല്‍ മംഗലപുരം പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച കൊണ്ടുപോയി പരിശോധിപ്പിച്ചിരുന്നു.
അവിടത്തെ ഡോക്ടര്‍ കുറിച്ച സോളിടൈര് എന്ന മരുന്ന് പല സ്ഥലത്തും അന്വേഷിച്ചങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് മെഡിക്കല്‍കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ വിനോദ് മരുന്നു വാങ്ങാന്‍ എത്തിയത്.
പറഞ്ഞ കമ്പനിയുടെ മരുന്ന് ലഭ്യമല്ലെന്നും മറ്റൊരു കമ്പനിയുടെ മരുന്ന് ഉണ്ടെന്നും ഒരേ കണ്ടന്റാണെന്നും കാരുണ്യയിലെ ഫാര്‍മസിസ്റ്റ് പറഞ്ഞതായി വിനോദ് പറയുന്നു.
തുടര്‍ന്ന് ബിസ്പെക് എന്ന ഗുളികയാണ് നല്‍കിയത്. കാരുണ്യ ഫാര്‍മസിയിലെ ജീവനക്കാരുടെ പെരുമാറ്റം മോശമായിരുന്നതിനാല്‍ താന്‍ ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ കുറിച്ച മരുന്നല്ല കാരുണ്യ ഫാര്‍മസിയില്‍ നിന്നും ലഭിച്ചതെന്നും മനസിലായി.
തുടര്‍ന്ന് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തിരിച്ചെത്തി ഡോക്ടറെ കാണിച്ചപ്പോള്‍ ഗുളിക മാറിയതാണെന്നും കുട്ടിക്ക് കൊടുക്കാതിരുന്നത് നല്ലതായെന്നും പറഞ്ഞു.
തുടര്‍ന്നാണ് വിനോദ് അധികൃതര്‍ക്കു പരാതി നല്‍കിയത്. സാധാരണക്കാരായ നൂറുകണക്കിന് പേര് ആശ്രയിക്കുന്ന കാരുണ്യ ഫാര്‍മസിയില്‍ ഇത്തരത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണു പരാതിയില്‍ പറയുന്നത്.
മരുന്ന് മാറിനല്‍കിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതി കാരുണ്യ ഫാര്‍മസി മാനേജര്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മെഡിക്കല്‍കോളജ് സൂപ്രണ്ട് പറഞ്ഞു.
കാരുണ്യ ഫാര്‍മസിയില്‍ നിന്നും മരുന്നു മാറി നല്‍കിയതായി പരാതി
11:15 PM Oct 07, 2022 | Deepika.com