ചേര്‍പ്പുങ്കല്‍: ജീവിത വിജയത്തിന് ലക്ഷ്യബോധമുള്ളവരായി മുന്നോട്ട് നീങ്ങുവാന്‍ വിദ്യാര്‍ഥി സമൂഹം തയാറാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ. ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ റോവിംഗ് മത്സരത്തില്‍ കോക്സ്ലസ് ഫോറിലും കോക്സ്ലസ് എട്ടിലും സ്വര്‍ണമെഡല്‍ നേടിയ റോസ് മരിയ ജോഷി താന്നിക്കക്കുന്നേലിന് മാതൃവിദ്യാലയമായ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നല്കിയ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടര്‍.
കേരളത്തിന്റെ അഭിമാനമായി മാറിയ റോസ് മരിയ ജോഷിയെ ജില്ലാ കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു. ഇതിന് മുമ്പ് നടന്ന ഏഷ്യന്‍ വെര്‍ച്വല്‍ മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടിയ റോസ് മരിയയെ ചേര്‍പ്പുങ്കല്‍ പൗരാവലി നേരത്തെ അനുമോദിച്ചിരുന്നു.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രഫ.ഡോ. മേഴ്സി ജോണ്‍, ജോസി പൊയ്കയില്‍, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, പഞ്ചായത്ത് അംഗം ആലീസ് ജോയി മറ്റത്തില്‍, ഫാ. സോമി കുറ്റിയാനിയില്‍, പിടിഎ പ്രസിഡന്റ് റ്റെഡി ജോര്‍ജ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റര് ജോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
റോസ് മരിയ ജോഷിയെ അനുമോദിച്ചു
10:17 PM Oct 07, 2022 | Deepika.com