കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണവിതരണം ആരംഭിച്ചു
10:17 PM Oct 07, 2022 | Deepika.com
കിടങ്ങൂര്‍: കിടങ്ങൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. കിടങ്ങൂര്‍ എല്‍പിബി സ്കൂള്‍, പിറയാര്‍ എല്‍പിബി സ്കൂള്‍, കിടങ്ങൂര്‍ സൗത്ത് എല്‍പിജി സ്കൂള്‍, ചെമ്പിളാവ് ഗവ. യുപി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വാര്‍ഷിക പദ്ധതിയില്‍ ആറ് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസവും വിവിധയിനം ഭക്ഷണമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രഭാത ഭക്ഷണ വിതരണ പഞ്ചായത്ത്തല ഉദ്ഘാടനം പിറയാര്‍ ഗവ. എൽപി സ്കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു.