തലയോലപ്പറമ്പ് : തലയോലപ്പറമ്പ് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡോഗ് കാച്ചർ ദ്വിദിന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 30 പേരിൽ 15 പേർ സ്ത്രീകൾ. നായ്ക്കളെ വല ഉപയോഗിച്ചു പിടികൂടുന്നതിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകളും ഏറെ മികവ് പുലർത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് നായ്ക്കളെ പിടികൂടുന്ന പരിശീലനത്തിൽ 30പേർ പങ്കെടുത്തത്. എബിസി കൊച്ചിൻ നഗരസഭ വെറ്ററിനറി സർജൻ ഡോ. സുർജിത് ജയപ്രകാശ് ക്ലാസ് നയിച്ചു. ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ അസിസ്റ്ററ്റ് ഡയറക്ടർ ഡോ.ആർ. മിനി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
ഡോഗ് കാച്ചിംഗിന്റെ പ്രായോഗിക പരിശീലനം ഊട്ടിയിൽനിന്ന് ലഭിച്ച സജീവ്കുമാർ , ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. മിഠായിക്കുന്നം, ആശുപത്രികവല, പാലാംകടവ് തുടങ്ങിയ സ്ഥലങ്ങളിലെത്തി ബട്ടർഫ്ലൈ വല ഉപയോഗിച്ച് നായകളെ പിടിക്കുന്നതിനും വാക്സിനെടുക്കുന്നതിനുമുള്ള പ്രയോഗിക പരിശീലനമാണ് നൽകിയത്.
ട്രെയിനിംഗ് കഴിഞ്ഞിറങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്ത് തലത്തിൽ എബിസി സെന്ററുകൾ രൂപീകരിക്കുന്ന മുറയ്ക്ക് ഇവരുടെ സേവനം ഉപയോഗിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
നായ്ക്കളെ പിടികൂടി കുത്തിവയ്പ് നൽകുന്നതിനു പരിശീലനത്തിനെത്തിയവരിൽ പകുതിയും സ്ത്രീകൾ
01:45 AM Oct 07, 2022 | Deepika.com