കോട്ടയം: കോട്ടയം നഗരത്തിലേയും സമീപറോഡുകളിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാട്ടകം സിമന്റ് കവലയില്‍നിന്നു തിരുവാതുക്കല്‍ ബൈപാസിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്തുള്ള ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കമാനം പൊളിച്ച് സിമന്റ്സിന്റെ കോമ്പൗണ്ടിലെ പ്രവേശന കവാടത്തിലേക്കു മാറ്റുമെന്ന് താലൂക്ക് വികസന സമിതി യോഗത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇതുവഴി എംസി റോഡില്‍നിന്നും ബൈപാസ് റോഡിലേക്ക് കടക്കുന്ന ഭാഗത്തെ റോഡിന് വീതികൂട്ടി ഗതാഗത കുരുക്ക് കുറയ്ക്കും.
ആംബുലന്‍സുകളും മറ്റു വാഹനങ്ങളും തിരക്കില്‍പ്പെടാതെ മെഡിക്കല്‍ കോളജ് ഭാഗത്തേക്കും മറ്റും പോകുന്നതിനായി ബൈപാസ് റോഡുകളെ പറ്റി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങളെപ്പറ്റി പിഡബ്ള്യൂഡിയും പോലീസും ചേര്‍ന്നു പട്ടിക തയ്യാറാക്കി. ഇതിനു ഡിപിസി അംഗീകാരം ലഭിച്ചതായും എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കോട്ടയം നഗരസഭ യോഗത്തെ അറിയിച്ചു.
തിരുനക്കര ക്ഷേത്രത്തില്‍നിന്നും മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള റോഡില്‍ അനധികൃതര്‍ പാര്‍ക്കിംഗ് മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് ഫൈന്‍ ഈടാക്കാനും ഉടമസ്ഥര്‍ ഇല്ലാത്തവയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഇ-ചെല്ലാന്‍ വഴി പിഴ ഈടാക്കുമെന്നും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു. ടോറസ് വാഹനങ്ങളുടെ അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവ മറ്റു വാഹന യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കര്‍ശന പരിശോധനയുണ്ടാകുമെന്ന് അറിയിച്ചു.
വടവാതൂര്‍ ഡംപിംഗ് യാര്‍ഡില്‍ സാമൂഹ്യവിരുദ്ധര്‍ തീയിടുന്നത് ഒഴിവാക്കാന്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ചേര്‍ന്നു തീരുമാനമെടുക്കും. തീപിടിത്തമുണ്ടാകുന്ന സാഹചര്യത്തില്‍ വെള്ളമെത്തിക്കാന്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ വിജയപുരം പഞ്ചായത്തിനെ ചുമതലപ്പെടുത്തും.
കോട്ടയം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് എല്‍.ആര്. തഹസില്‍ദാര്‍ നിജു കുര്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ നാഷണല്‍ സെകുലാര്‍ കോണ്‍ഫറന്‍സ് ജില്ലാ പ്രസിഡന്റ് പി.എം. റസാക്ക് അധ്യക്ഷത വഹിച്ചു.
ഗതാഗതകുരുക്ക് കുറയ്ക്കാന്‍ ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കമാനം പൊളിച്ചുനീക്കും
01:42 AM Oct 07, 2022 | Deepika.com