മുതലമട: വീടിന്റെ പിൻവാതിലുടെ കടന്ന മോഷ്ടാവ് ഒരു ലാപ്ടോപ്പും മൂന്നു മൊബൈലും കവർന്നതായി വീട്ടുടമ കൊല്ലങ്കോട് പോലീസിൽ പരാതി നൽകി. മുതലമട പള്ളം ഷിഫാസാണ് പരാതിക്കാരൻ.
ബുധനാഴ്ച രാത്രി 11 നാണ് മോഷണം നടന്നത്. ഷിഫാസിന്റെ ഒരു മകൻ ഒഴികെ മറ്റു കുടുംബാംഗങ്ങളെല്ലാം ഒരു ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പോയതായിരുന്നു. രാത്രിസമയത്ത് ഉറക്കത്തിലായിരുന്ന മകൻ ശബ്ദം കേട്ടുണർന്നു നോക്കിയപ്പോൾ മുൻ പരിചയക്കാരനായ യുവാവ് ഓടുന്നത് കണ്ടു.
വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് പോലീസ് സംഭവസ്ഥലത്ത് പാഞ്ഞെത്തി വീട്ടുകാരോടു നഷ്ടവിവരം അന്വേഷിച്ചതിൽ ഒന്നുമില്ലെന്നു അറിയിച്ചു. ഇന്നലെ കാലത്ത് അലമാര തുറന്നപ്പോഴാണ് ലാപ്ടോപ്പും മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും നഷ്ടപ്പെട്ടതറിഞ്ഞ് പോലീസിൽ പരാതി നൽകിയത്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.
ലാപ്ടോപ്പും മൂന്നു മൊബൈലും കവർന്നു
01:07 AM Oct 07, 2022 | Deepika.com