പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തുകളിലെയും കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൊടവക്കാട്, കൂനമ്മാവ് പ്രദേശങ്ങളിലെ ഇപ്പോൾ ഉണ്ടായിട്ടുള്ള കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കുവാൻ പറവൂര്‍ ടിബിയില്‍ നടന്ന ഉദ്യോഗസ്ഥതല മീറ്റിംഗിൽ തീരുമാനമെടുത്തതായി പ്രതിപക്ഷ നേതാവും സ്ഥലം എംഎൽഎയുമായ വി.ഡി. സതീശൻ അറിയിച്ചു. ഈ പഞ്ചായത്തുകളിലേക്ക് കൂടുതല്‍ സമയം പമ്പിംഗ് നടത്തുന്നതിന് പ്രതിപക്ഷ നേതാവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലേക്ക് 10 എംഎല്‍ഡി വെള്ളം കുറയാതെ നല്‍കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ഇടക്കിടെ പൈപ്പ് പൊട്ടുന്നതുമൂലവും പമ്പ് ഹൌസില്‍ വൈദ്യുതി വിതരണം തടസപ്പെടുന്നതു മൂലവും ആണ് ശരിയായ വിധത്തില്‍ വെള്ളം എത്തിക്കുവാന്‍ സാധിക്കാത്തതെന്ന് ബന്ധപ്പെട്ട എൻജിനീയര്‍മാര്‍ വിശദീകരിച്ചു.
വടക്കേക്കര-ചിറ്റാറ്റുകര പാഞ്ചായത്ത് ഉള്‍പ്പെടുന്ന വാട്ടര്‍ അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് എൻജിനീയര്‍ പ്രദീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അജയകുമാര്‍ അസിസ്റ്റന്റ് എൻജിനീയര്‍ മേരി ഷീബ പറവൂര്‍ വാട്ടര്‍ അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് എൻജിനീയര്‍ സജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ തേരസ റീനി കളമശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അനില്‍ കെ. അഗസ്റ്റിന് എന്നിവര്‍ മീറ്റിംഗില്‍ സംബന്ധിച്ചു.
വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കും: പ്രതിപക്ഷ നേതാവ്
12:45 AM Oct 07, 2022 | Deepika.com