കരുമാലൂർ: നെൽക്കൃഷിക്ക് പേരുകേട്ട കരുമാലൂർ പഞ്ചായത്തിലെ കർഷകനെ ദുരിതത്തിലാക്കി പൊക്കാളി കൃഷി മഞ്ഞളിപ്പു രോഗം പിടിപെട്ടു കൃഷി നശിച്ചു. കരുമാലൂർ പുതുക്കാട് തൈത്തറ കടവിൽ പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ പാടത്താണു കരുമാലൂർ തട്ടാംപടി സ്വദേശിയായ വടക്കേവീട്ടിൽ ദീപു കൃഷിയിറക്കിയിരുന്നത്.
ഇതിൽ ഒരേക്കർ ഭാഗത്തെ പൊക്കാളികൃഷി കനത്ത മഴയെ തുടർന്ന് ഒരു മാസം മുന്നേ നശിച്ചിരുന്നു. അതിൽ നിന്നെല്ലാം കരകയറി വരുമ്പോഴാണു വീണ്ടും ഇരുട്ടടി പോലെ ഒരേക്കർ കൃഷിക്കു കൂടി നാശം സംഭവിച്ചത്.
കഴിഞ്ഞ കുറെ മാസങ്ങളായി കരുമാലൂർ കൃഷിഭവനിൽ കൃഷി ഓഫീസർ ഇല്ലാതിരുന്നതു മൂലവും കർഷകർ പലരും ബുദ്ധിമുട്ടിലായിരുന്നു കർഷകർക്കു വേണ്ട സഹായങ്ങൾ കൃഷിഭവനിൽ നിന്നു ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.
അന്ന്യം നിന്നുപോകുന്ന പൊക്കാളി കൃഷി വീണ്ടെടുക്കാൻ യുവ കർഷകർ രംഗത്തു വരുമ്പോഴും കർഷക സംഘടനകളുടെയും പാടശേഖരസമിതിയുടെയും സഹായം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. മാസങ്ങൾക്കു മുൻപു പുതുക്കാട് മേഖലയിൽ 250 കിലോഗ്രാം പൊക്കാളി വിത്തുകൾ ഉപയോഗശൂന്യമായി നശിച്ച സംഭവവും ഉണ്ടായിരുന്നു. അധികൃതർ അലംഭവാമാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.
കരുമാലൂരിൽ മൂന്ന് ഏക്കറിലെ പൊക്കാളിക്കൃഷി നശിച്ചു
12:43 AM Oct 07, 2022 | Deepika.com