നെട്ടൂര്‍: നെട്ടൂര്‍ പ്രീമിയര്‍ ലീഗിൽ (എൻപിഎല്‍) നെട്ടൂര്‍ യൂത്ത് ക്ലബ് ജേതാക്കളായി. നെട്ടൂര്‍ ഫ്രീ കിക്ക് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ എതിരാളികളായ വേക്കപ്പ് അക്കാദമി എഫ്സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ട്രോഫികള്‍ വിതരണം ചെയ്തു.
രാസ ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യവുമായി നെട്ടൂരില്‍ സംഘടിപ്പിച്ച ഈ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംസ്ഥാനത്തിന് മൊത്തം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
മരട് നഗരസഭാ കൗണ്‍സിലര്‍ റിയാസ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് കെ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് 26 കൂട്ടായ്മയും നെട്ടൂര്‍ യൂത്ത് ക്ലബും ചേര്‍ന്ന് അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസിന്റെ സഹകരണത്തോടെയാണ് നെട്ടൂര്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചത്.
നെട്ടൂരും മരടും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളെ ഫുട്ബോള്‍ ലഹരിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് നെട്ടൂര്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചത്.
സമാപന ചടങ്ങില്‍ അജ്മല്‍ ബിസ്മി ചെയര്മാന് വി.എ. അജ്മല്‍, വി.എ. അബ്ദുല്‍ ഹമീദ്, ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
നെട്ടൂര്‍ പ്രീമിയര്‍ ലീഗിന് ആവേശോജ്വല സമാപനം
12:42 AM Oct 07, 2022 | Deepika.com