കാസര്‍ഗോഡ്: സിമന്റ് വില ക്രമാതീതമായി ഉയരുന്ന സാഹചര്യം കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഉണര്‍ന്നു തുടങ്ങിയ നിര്‍മാണ മേഖലയെ വീണ്ടും പ്രതികൂലമായി ബാധിക്കുമെന്ന് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒന്നാം തിയതി ഒരു ചാക്ക് സിമന്റിന്റെ വില 30 രൂപയും തൊട്ടുപിന്നാലെ മൂന്നിന് വീണ്ടും 50 രൂപയും വര്‍ധിപ്പിച്ച് കുറഞ്ഞത് 480 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്.
ഒരിക്കലും ന്യായീകരിക്കാനാവാത്ത ഈ വിലവര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും വലിയ ധനവിനിമയം നടക്കുന്ന ഈ മേഖലയുടെ മേല്‍ വന്‍കിട കമ്പനികള്‍ കൂടെക്കൂടെ ഏല്‍പ്പിക്കുന്ന ഇത്തരം പ്രഹരങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തെ പോലും സാരമായി ബാധിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും വിലവര്‍ധന നിയന്ത്രിക്കണമെന്നും ലെന്‍സ്ഫെഡ് ആവശ്യപ്പെട്ടു. ഈ സ്ഥിതി തുടര്‍ന്നുപോവുകയാണെങ്കില്‍ മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്റ് എം.വിജയന്, സെക്രട്ടറി കെ.സുരേന്ദ്രകുമാര്‍, വൈസ് പ്രസിഡന്റുമാരായ ജോയ് ജോസഫ്, എച്ച്.ജി.വിനോദ് കുമാര്‍, മുജീബ് റഹ്മാന്, ജോയിന്റ് സെക്രട്ടറിമാരായ വി.വി.ഗോപാല്‍, വി.ഉദയകുമാര്‍, കെ.അപ്പക്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
സിമന്റ് വിലവര്‍ധന നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും: ലെന്‍സ്ഫെഡ്
12:41 AM Oct 06, 2022 | Deepika.com