മംഗലംഡാം : രണ്ടാംപുഴ കടപ്പാറ റോഡ് തകർന്നതിനെ തുടർന്ന് മലയോര മേഖലയിലേക്കുള്ള യാത്ര ദുരിതമായി. മംഗലംഡാം കടപ്പാറ റോഡിൽ രണ്ടാംപുഴ മുതൽ കടപ്പാറ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് പൂർണമായും തകർന്നുകിടക്കുന്നത്. പൊൻകണ്ടം കടപ്പാറ റോഡ് പിഡബ്യുഡി ഏറ്റെടുത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാംപുഴ വരെ മാത്രമാണ് മെയിന്റൻസ് പണികൾ നടത്തിയത്.
അതും റോഡിനു വലിയ കേടുപാടില്ലാത്ത സ്ഥലത്താണ് കരാറുകാരൻ അറ്റകുറ്റപണി ചെയ്തത്. കൂടുതൽ തകർന്നുകിടക്കുന്ന രണ്ടാം പുഴ മുതലുള്ള ഭാഗമെത്തിയപ്പോൾ തങ്ങളുടെ ദൂരപരിധി കഴിഞ്ഞെന്നും ഇനി ചെയാൻ വകുപ്പില്ലെന്നുമാണ് കരാറുകാരൻ അറിയിച്ചത്.
നിലവിൽ ആരാണ് ഈ റോഡിന്റെ ബാക്കി ഭാഗം ചെയ്യുക എന്ന നാട്ടുകാരുടെ ചോദ്യത്തിന് ബന്ധപ്പെട്ട അധികാരികൾക്കാർക്കും വ്യക്തമായ മറുപടിയില്ല. ബസ് സർവീസടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ മലയോര പാത അടിയന്തരമായി നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കടപ്പാറ റോഡ് തകർന്നു; മലയോര മേഖലയിലേക്കു ദുരിതയാത്ര
12:29 AM Oct 06, 2022 | Deepika.com